റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചു

news image
Jan 9, 2024, 3:54 pm GMT+0000 payyolionline.in

ദില്ലി: രാജ്യത്തിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.  കഴിഞ്ഞ വർഷം ബിജെപി സർക്കാർ നൽകിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കർണാടകയ്ക്ക് പരേഡിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. 13 വർഷത്തിന് ശേഷം ആദ്യമായി നിശ്ചല ദൃശ്യം തള്ളിയതിനെതിരെ അന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് അന്ന് നിശ്ചല ദൃശ്യത്തിന് അനുമതി നൽകിയത്.

വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് സിദ്ധരാമയ്യ വിമര്‍ശിക്കുന്നു. ഇത്തവണ കർണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല. ക്ഷാമത്തിൽ വലയുന്ന കന്നഡ ജനതയ്ക്ക് സഹായം നൽകാത്തത് മുതൽ ടാബ്ലോയിൽ അനുമതി നൽകാത്തതിന് പിന്നിൽ വരെ രാഷ്ട്രീയമാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് എന്നീ വിഷയങ്ങളില്‍ കേരളം സമർപ്പിച്ച  നിശ്ചല ദൃശ്യ മാതൃകകളാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. ലൈഫ് മിഷൻ  അടക്കമുളള പദ്ധതികള്‍ ഉള്‍പ്പെടുത്തിയായിരുന്നു കേരളം മുന്നോട്ട് വച്ച മാതൃകകൾ. 10 മാതൃകകളാണ് കേരളം നല്‍കിയിരുന്നത്. ഭേദഗതികള്‍ വരുത്തി അവസാന ഘട്ടത്തില്‍ നാല് മാതൃകകള്‍ കേരളം സമർപ്പിച്ചു.  വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷൻ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃക, കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്‍റെ പ്രതിമ അടങ്ങിയ മാതൃക. കേരള ടൂറിസം എന്നിവയായിരുന്നു സമർ‍പ്പിച്ചത്.

സ്വാതന്ത്ര്യസമരത്തില്‍ പോരാടിയ അക്കാമ്മ ചെറിയാൻറെ പ്രതിമ ഉള്‍പ്പെട്ട മാതൃക ജനാധിപത്യത്തിന്‍റെ മാതാവ് എന്ന വിഷയത്തിലും സമ‍ർപ്പിച്ചു. എന്നാല്‍ ഇതെല്ലാം ആഭ്യന്തര മന്ത്രാലയം തള്ളി.  റിപ്പബ്ലിക് ദിന പരേഡിൽ  അവതരിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾക്ക് നിശ്ചലദൃശ്യം ഭാരത് പർവിൽ അവതരിപ്പിക്കാം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വർഷം നിശ്ചല ദൃശ്യം അവതരിപ്പിക്കാൻ കേരളത്തിന് അനുമതി ലഭിച്ചിരുന്നു. 2022ലും 2020ലും  കേരളത്തിന്‍റെ നിശ്ചലദൃശ്യം തള്ളിയിരുന്നു. നിശ്ചലദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരെ  പ‌ഞ്ചാബ്, പശ്ചിമബംഗാൾ ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍  രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe