തിരുവനന്തപുരം> ആള്‍ക്കൂട്ടത്തെ ഊര്‍ജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍നിറഞ്ഞുനിന്ന കോണ്‍ഗ്രസ് നേതാവും, മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍.മുഖ്യമന്ത്രിയെന്ന നിലയിലും, പ്രതിപക്ഷ നേതാവ് എന്ന നിലയിലും പ്രവര്‍ത്തിച്ച് കേരളത്തില്‍ ജനാധിപത്യ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഉമ്മന്‍ചാണ്ടി വലിയ പങ്ക് വഹിച്ചുവെന്നും ഷംസീര്‍ നിയമസഭയില്‍ ഉമ്മന്‍ചാണ്ടി അനുശോചനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. 1970 മുതല്‍ പന്ത്രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ച് 53 വര്‍ഷം പുതുപ്പള്ളി എം.എല്‍.എ. ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്ന വ്യക്തി എന്ന റെക്കോഡ്.
രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എന്നുമൊരു പാഠപുസ്തകമായിരുന്നു ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി മണ്ഡലം മറിച്ച് ചിന്തിക്കാത്തത്രയും അവിടുത്തെ ജനങ്ങളോട് അദ്ദേഹം ചേര്‍ന്ന് നിന്നിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായ ജനകീയനായ നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സെക്കന്റ് എഡിഷന്റെ ലോഗോ പ്രകാശനം അദ്ദേഹം നിര്‍വ്വഹിച്ച കാര്യവും സ്മരണീയമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും അത് നേരിടാനുള്ള മനക്കരുത്തും തന്റേടവും അദ്ദേഹം കാണിച്ചിരുന്നു. അത് പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു മാതൃകയാണ്. ഈ 53 വര്‍ഷകാലവും നിയമസഭയിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഉമ്മന്‍ചാണ്ടി.
ഏത് കാര്യവും ചെയ്യുമ്പോള്‍ അത് സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്തണമെന്ന നിര്‍ബന്ധം ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. കുറ്റബോധമില്ലാതെ മുന്നോട്ടുപോകാന്‍ ആ രീതി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകണം. ജനക്കുട്ടത്തെ ആകര്‍ഷിക്കുന്ന വാക്ചാതുര്യമുള്ള വലിയ പ്രാസംഗികനൊന്നുമായിരുന്നില്ല ഉമ്മന്‍ചാണ്ടി. എന്നാല്‍, ജനങ്ങളെ കൈയ്യിലെടുക്കാനുള്ള രാഷ്ട്രീയ സാമര്‍ത്ഥ്യം അദ്ദേഹം നിരന്തരം പ്രയോഗിച്ചു.
ജനസമ്പര്‍ക്ക പരിപാടി പോലുള്ളവയിലൂടെയും, സാധാരണക്കാരുടെ കൂടെ ആരാധനാലയത്തില്‍ സമയം ചിലവിട്ടും, സഹപ്രവര്‍ത്തകരോടൊപ്പം ആള്‍ക്കുട്ട യാത്രകള്‍ നടത്തിയും ജനങ്ങളിലാണ് താന്‍ ജീവിക്കുന്നതെന്ന് അദ്ദേഹം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി. ജനങ്ങള്‍ തങ്ങളുടെ കൂടെയുള്ള ഉമ്മന്‍ചാണ്ടിയെ ഹൃദയത്തിലേറ്റി. അദ്ദേഹം വിടപറഞ്ഞപ്പോള്‍ ജനസഹസ്രങ്ങള്‍ വിലാപയാത്രയില്‍ പങ്കാളികളായി. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് അവസാനിക്കുന്നത്.
ജനക്ഷേമത്തിലും, സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നിയിരുന്ന ഭരണാധിപന്‍ എന്ന നിലയിലും, ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ സമര്‍ഥമായി ഉന്നയിക്കുന്ന നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസിനെ ജനകീയമാക്കുന്നതിലും, ആദര്‍ശ പ്രതിബദ്ധതയില്‍ ഉറപ്പിക്കുന്നതിലും അവിസ്മരണീയ സംഭാവന നല്‍കിയ നേതാവിനെയും, മികച്ച ഒരു നിയമസഭാ സാമാജികനെയുമാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.