തൃശൂർ: റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കവേ, യുക്രെയ്നിൽ കൊല്ലപ്പെട്ട കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് എംബസിയിൽനിന്നു വിവരം ലഭിച്ചതായി കുടുംബം അറിയിച്ചു. ഒന്നര മാസം നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണു സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം എത്തിക്കുമെന്ന് എംബസി അധികൃതര്‍ സന്ദീപിന്റെ കുടുംബത്തെ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2ന് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സന്ദീപിന്റെ സഹോദരന് സംഗീതിനെ എംബസി അധികൃതര്‍ അറിയിച്ചത്. എംബസി നിയോഗിച്ച കാര്‍ഗോ ഏജന്‍സി അധികൃതരും കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ റഷ്യ യുക്രെയ്ന് യുദ്ധത്തിനിടെ റഷ്യന്‍ സേനയുടെ ഭാഗമായിരുന്ന സന്ദീപ്, ഡോണെസ്കില്‍ വച്ച് യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മലയാളികളുടെ വാട്സ്ആപ്പ് ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപിന്റെ വിയോഗം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സന്ദീപും മറ്റു 3 പേരും ഏപ്രില്‍ മാസത്തിലാണ് റഷ്യയിലെത്തിയത്. ചാലക്കുടിയിലെ ഒരു ഏജന്റ് വഴിയാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. റെസ്റ്ററന്റിലാണ് ജോലിയെന്നായിരുന്നു വീട്ടുകാര്‍ക്ക് അറിവുണ്ടായത്. പിന്നീട് സന്ദീപിന്റെ മരണത്തോടെയാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന വിവരം അറിയുന്നത്. സന്ദീപിനെ നിര്‍ബന്ധിച്ച് കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തതാണെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സന്ദീപിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കേന്ദ്ര ഗവണ്മെന്റിന്റെയും എംബസിയുടേയും സഹായം കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് ആഴ്ചകള്‍ നീണ്ട ശ്രമത്തിന്റെ ഫലമായി മൃതദേഹം വിട്ടു കിട്ടാന്‍ നടപടിയുണ്ടായത്.