ന്യൂയോർക്ക്: യുഎസിൽ ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് എച്ച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ് (35), മകൻ യഷ് (6)എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച മെറിലാൻഡിലെ വസതിയിലാണ് മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തിയത്. ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരെ അവസാനമായി വീടിന് പുറത്ത് കണ്ടതെന്നാണ് അയൽവാസികള്‍ നൽകുന്ന വിവരം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വർഷമായി അമേരിക്കയിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയാണ്. ബാൾട്ടിമോർ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.
‘മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി. വിവാഹം കഴിഞ്ഞ് താമസിയാതെ അവർ അമേരിക്കയിലേക്ക് പോയി. എന്താണ് സംഭവിച്ചതെന്നും ഇത് എപ്പോൾ സംഭവിച്ചുവെന്നും ഞങ്ങൾക്ക് അറിയില്ല. മരണം സംഭവിച്ചുവെന്ന് മാത്രമാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. മകൻ ജീവനൊടുക്കിയെന്നാണ് പറയുന്നത്, അത് ശരിയാണെന്നോ മറ്റാരെങ്കിലുമാണോ ഇത് ചെയ്തതെന്നോ ഞങ്ങള്‍ക്ക് അറിയില്ല’- യോഗേഷിന്റെ അമ്മ ശോഭ പറഞ്ഞു.”
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യോഗേഷ് തന്നെ വിളിച്ച് എല്ലാവരും സുഖമായിരിക്കുന്നുവെന്ന് പറഞ്ഞതാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് തന്നോട് പറഞ്ഞിട്ടില്ല. അസ്വഭാവികമായി ഒന്നും തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംഭവം നടന്നിട്ട് മൂന്ന് ദിവസമായി, ഞങ്ങൾ ഇതുവരെ മൃതദേഹം കണ്ടിട്ടില്ല, ഫോട്ടോ പോലും കിട്ടിയിട്ടില്ല. മകന്റെ മൃതദേഹം നാട്ടിലെത്തിക്കണം, അതിനായി ഞങ്ങളെ സഹായിക്കണം- അമ്മ ശോഭ അഭ്യർത്ഥിക്കുന്നു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഇടപെടണമെന്നും അവർ അഭ്യർത്ഥിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)