ന്യൂഡൽഹി: കനത്ത മഴയിൽ കരകവിഞ്ഞൊഴുകിയ യമുന നദിയിൽ ജലനിരപ്പ് താഴ്ന്നു. രാവിലെ ഏഴുമണിയോട ഓൾഡ് റെയിൽവേ ബ്രിഡ്ജിലെ ജലനിരപ്പ് 208.44 മീറ്ററായാണ് താഴ്ന്നത്. ഇന്നലെ വൈകിട്ട് എട്ട് മണിക്ക് 208.66 മീറ്ററായിരുന്നു ജലനിരപ്പ്. നേരിയ തോതിലാണ് ജലനിരപ്പ് താഴ്ന്നതെന്ന് ഡൽഹി ഫ്ലഡ് കൺട്രോൾ ഡിപാർട്ട്മെന്റ് അറിയിച്ചു.
അതേസമയം, അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യതലസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം നേരിടാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
യമുന നദിയിലെ ജലനിരപ്പ് അപകടനിലയിൽ എത്തിയതോടെ തീരത്ത് നിന്ന് 23,693 പേരെ വ്യാഴാഴ്ച മാറ്റിപ്പാർപ്പിച്ചിരുന്നു. 21,092 പേർ ടെന്റിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. ദുരന്തത്തിൽപ്പെട്ട 1022 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.
അപകടനിലയും കടന്ന് യമുന നദി കരകവിഞ്ഞ് ഒഴുകിയതോടെ 45 വർഷത്തിനിടയിൽ കാണാത്ത രൂക്ഷമായ വെള്ളപ്പൊക്കത്തിനാണ് രാജ്യതലസ്ഥാനമായ ഡൽഹി സാക്ഷ്യം വഹിച്ചത്. സെക്രട്ടേറിയറ്റ് ഉൾപ്പെടെ കിഴക്കൻ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിലും പ്രധാന റോഡുകളിലുമെല്ലാം വെള്ളം കയറി.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് സമീപവും ചെങ്കോട്ടക്ക് ചുറ്റും വെള്ളമെത്തി. ഡൽഹിയിൽ മഴ ശമിച്ചെങ്കിലും ഹരിയാനയിലെ ഹാത്നികുണ്ഡ് തടാകത്തിൽ നിന്നും തുറന്നുവിട്ട വെള്ളം യമുനയിലേക്ക് ഒഴുകുന്നത് ആശങ്ക വർധിപ്പിച്ചിരുന്നു.
യമുനയുടെ തീരത്തുള്ള നൂറുകണക്കിന് ചേരികൾ വെള്ളത്തിനടിയിലാണ്. ഇവിടെയുള്ളവരെ താൽകാലിക ടെന്റുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചു.