മുണ്ടക്കൈ ഉരുൾപൊട്ടൽ ; 6000 രൂപ മാസവാടക നൽകും

news image
Aug 14, 2024, 4:58 am GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതക്യാമ്പുകളിൽനിന്ന് വാടക വീടുകളിലേക്ക്‌ മാറുന്ന  കുടുംബത്തിന്‌ മാസം 6000 രൂപവരെ സംസ്ഥാന സർക്കാർ വാടക അനുവദിക്കും. ബന്ധുവീടുകളിലേക്കു മാറുന്ന കുടുംബങ്ങൾക്കും ഇതേ തുക നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌ തുക ലഭ്യമാക്കുക.

സർക്കാർ ഉടമസ്ഥതയിലോ പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായോ വിട്ടുനൽകുന്ന ഇടങ്ങളിലേക്ക്‌ മാറുന്നവർക്കും മുഴുവനായി സ്‌പോൺസർഷിപ്പ്‌ വഴി താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക്‌ മാറുന്നവർക്കും ഈ സഹായം ഉണ്ടാകില്ല. ഭാഗികമായി സ്‌പോൺസർഷിപ്പ്‌ നൽകുന്ന സംഭവങ്ങളിൽ ശേഷിക്കുന്ന തുക (പരമാവധി 6000 വരെ) മാസവാടകയായി നൽകും.

ദുരിത ബാധിതരായ എല്ലാ കുടുംബങ്ങൾക്കും അടിയന്തര ധനസഹായമായി 10000 രൂപ അനുവദിക്കാൻ നേരത്തെ ഉത്തരവായിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടു പേർക്ക്‌ ദിവസം 300 രൂപ വീതവും കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളിൽ മൂന്നു പേർക്കും ദിവസം 300 രൂപ വീതം  30 ദിവസത്തേക്ക് നൽകാനും തീരുമാനിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe