കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ അജ്ഞാതൻ 19 ലക്ഷം പിൻവലിച്ചു. എ.ടി.എം.കാർഡോ, ഓൺലൈൻ വഴി പണമിടപാടോ നടത്താത്ത അക്കൗണ്ടിൽ നിന്നാണ് വൻതുക അപഹരിച്ചത്. ഇത് സംബന്ധിച്ച് മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമ ബീയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ബാങ്ക് പാസ് ബുക്ക് ഉപയോഗിച്ച് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ പണം നഷ്ടപ്പെട്ടത് കണ്ടെത്തി ബാങ്കിൽ അറിയിച്ചതിനാൽ കൂടുതൽ നഷ്ടം ഒഴിവായി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചെറൂട്ടി റോഡ് ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.
2023 ജൂലൈ 24 നും സെപ്തംബർ 19 നുമിടയിൽ വിവിധ തവണകളിലായി പണം പിൻവലിച്ചതായാണ് കണ്ടെത്തിയത്. ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പർ ആറ് കൊല്ലം മുമ്പ് ഇവർ ഉപേക്ഷിച്ചതാണ്. ഇക്കാര്യം ബാങ്കിനെ അറിയിച്ച് പുതിയ നമ്പർ നൽകിയെങ്കിലും ബാങ്ക് മാറ്റം വരുത്തിയിട്ടില്ലെന്ന് ബന്ധുക്കൾ കണ്ടെത്തി.
കഴിഞ്ഞ മാർച്ചിൽ കെ.വൈ.സി പുതുക്കാൻ കൊടുത്തപ്പോൾ നമ്പർ മാറ്റിക്കൊടുത്തതായി മകൻ കെ.പി.അബുദുറസാക്ക് പറഞ്ഞു. പഴയ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നയാളാവാം പണം പിൻവലിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൊബൈലിൽ ഗൂഗിൾ പേ വഴി പണം പിൻവലിച്ചതാവാമെന്ന് കരുതുന്നു. പണം ഓൺലൈൻ വഴി പിൻവലിച്ചതായാണ് രേഖകളിൽ കാണുന്നത്. ഇത് കാരണം ഏത് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അകൗണ്ട് ഉടമക്ക് കണ്ടെത്താനാവില്ല. ഇവർക്ക് ബാങ്ക് എ.ടി.എം കാർഡ് ഇതുവരെ നൽകിയിട്ടുമില്ല.
ജൂലൈ 24 മുതൽ പണം നിരന്തരം പിൻവലിച്ചതായി രേഖകളിലുണ്ട്. ആദ്യം 500, ആയിരം രൂപയും പിന്നീട് 10,000 രൂപയുമാണ് പിൻവലിച്ചത്. തുടർന്ന് ഓരോ ലക്ഷം വച്ച് പിൻവലിച്ചതായാണ് കാണുന്നത്. വാടകയിനത്തിലും മറ്റും വർഷങ്ങളായി ബാങ്കിൽ വരുന്ന പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്.