മന്ത്രിയെ കരിങ്കൊടി കാണിച്ചതിലെ പക’; തനിക്കെതിരായ കേസ് രാഷ്ട്രീയ വേട്ടയാടലെന്ന് എം.സി അതുൽ

news image
Apr 20, 2026, 8:36 am GMT+0000 payyolionline.in

കണ്ണൂർ: ലൈംഗിക അതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുൽ. മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള രാഷ്ട്രീയ വേട്ടയാടലാണ് തനിക്കെതിരെയുള്ള കേസെന്ന് അതുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. സൗഹൃദമുണ്ടായിരുന്ന കാലത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആരെയും വഞ്ചിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന പരാമർശങ്ങൾ:

മന്ത്രിയെ കരിങ്കൊടി കാണിച്ചത് മുതൽ തന്നെ ഫിനിഷ് ചെയ്യുമെന്ന് ഭീഷണികളുണ്ടായിരുന്നുവെന്ന് അതുൽ ആരോപിക്കുന്നു. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയാണോ എന്ന് കാലം തെളിയിക്കും. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി.

ഒരു സ്ത്രീയെയും അപമാനിക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചിട്ടില്ലെന്നും ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ തന്നെ അറിയുന്നവർക്ക് തന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായം തേടിയുമാണ് സാധാരണക്കാരനായ താൻ പൊതുപ്രവർത്തനം നടത്തുന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതുൽ കുറിപ്പിൽ കൂട്ടിച്ചേർത്തു.

ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നും വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്നുമുള്ള കെ.എസ്.യു പ്രവർത്തകയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് കണ്ണൂർ വനിതാ പോലീസ് അതുലിനെതിരെ കേസെടുത്തത്. സംഭവത്തിന് പിന്നാലെ അതുൽ ഒളിവിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സമൂഹമാധ്യമത്തിലൂടെയുള്ള ഈ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe