കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ ഇതുവരെ 175 പേർ കൊല്ലപ്പെട്ടതായും 32 പേരെ കാണാതായതായും പൊലീസ് വ്യക്തമാക്കി. 1100 പേർക്ക് പരുക്കേറ്റു. 4786 വീടുകൾ ചുട്ടെരിച്ചതായും 386 ആരാധനാലയങ്ങൾ തകർത്തതായും മണിപ്പുർ പൊലീസ് ഐജി ഐ.കെ.മുയിവാ പറഞ്ഞു. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് മരണം 200ന് അടുത്താണ്. കലാപത്തിൽ തകർക്കപ്പെട്ടവയിൽ 245 എണ്ണം ക്രിസ്ത്യൻ പള്ളികളും 132 എണ്ണം ക്ഷേത്രങ്ങളുമാണ്. കലാപകാരികൾ പൊലീസിൽനിന്നു കവർന്ന ആയുധങ്ങളിൽ 1359 എണ്ണമാണ് തിരികെ ലഭിച്ചത്. 15050 വെടിയുണ്ടകളും തിരികെ ലഭിച്ചു. 5000 തോക്കുകളും 6 ലക്ഷത്തോളം വെടിയുണ്ടകളുമാണ് കവർന്നത്. ഇതിൽ 95% മെയ്തെയ് വിഭാഗക്കാരുടെ കയ്യിലാണ്.
96 മൃതദേഹങ്ങൾ ഇപ്പോഴും ആശുപത്രികളിലാണ്. കുക്കി വിഭാഗക്കാരുടേതാണ് ഇതിൽ ഭൂരിപക്ഷവും. കലാപവുമായി ബന്ധപ്പെട്ട് 9332 കേസുകൾ റജിസ്റ്റർ ചെയ്തതായും 325 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.അതേസമയം, അക്രമത്തിനിരയാകുന്ന സ്ത്രീകൾക്ക് സർക്കാർ പ്രത്യേക ധനസഹായപദ്ധതി പ്രഖ്യാപിച്ചു. ബലാൽസംഗത്തിനിരയാകുന്നവർക്ക് 7 ലക്ഷം വരെയും കൂട്ടബലാൽസംഗത്തിനിരയാകുന്നവർക്ക് 10 ലക്ഷം വരെയും നൽകും. ആസിഡ് ആക്രമണത്തിനിരയാകുന്നവർക്ക് 8 ലക്ഷം വരെയും കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം വരെയും ലഭിക്കും.