ലഖിംപൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ അസമിലൂടെയുള്ള പര്യടനം തുടരുന്നു. അസമിലെ ലഖിംപൂരിൽ നിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്.
സരാഘട്ട് യുദ്ധവീരനും അഹോം സാമ്രാജ്യത്തിന്‍റെ കമാൻഡറുമായ ലചിത് ബോർഫുകാന്‍റെ പ്രതിമയിൽ രാഹുൽ ആദരാഞ്ജലികൾ അർപ്പിച്ചു. ലചിത് ബോർഫുകാൻ ജിക്കിന്‍റെ ധീരതയും നിർഭയമായ പോരാട്ടവും ഇന്നും രാജ്യത്തിന് പ്രചോദനമാണെന്ന് രാഹുൽ എക്സിൽ കുറിച്ചു.
അസമിലെ ഹർമുട്ടിയിലൂടെയാണ് നിലവിൽ യാത്ര കടന്നു പോകുന്നത്. ജനുവരി 25 വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോമീറ്റർ സഞ്ചരിക്കും. അസം പര്യടനം പൂർത്തിയാക്കുന്ന ന്യായ് യാത്ര തുടർന്ന് അരുണാചൽ പ്രദേശിലേക്ക് കടക്കും.
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും യാത്ര തുടങ്ങിയത്. 67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.