ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചു; തെളിവുകളുടെ അഭാവത്തിൽ പോക്സോ റദ്ദാക്കാൻ അപേക്ഷ

news image
Jun 15, 2023, 7:31 am GMT+0000 payyolionline.in

ദില്ലി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. കേസ് നാലിന് പരിഗണിക്കും.

ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്.

ലൈംഗിക പീഡന കേസിലും ബ്രിജ് ഭൂഷണെ വെള്ള പൂശാന്‍ പൊലീസ് ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സൂചന. പരാതി ഉന്നയിച്ച കാലത്ത് താരങ്ങളും ബ്രിജ് ഭൂഷണും നല്ല ബന്ധത്തിലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ 6 വീഡിയോകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചുണ്ടെന്നാണ് സൂചന. വിദേശത്തും പീഡിപ്പിച്ചിട്ടുണ്ടെന്ന വാദം പൊളിക്കാന്‍ 6 വിദേശ ഫെഡറേഷനുകളും പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ പര്യടനങ്ങളിലൊന്നും താരങ്ങളുടെ പരാതി കിട്ടിയിട്ടില്ലെന്നാണ് ഫെഡറേഷനുകളുടെ മറുപടിയെന്ന് സൂചനയുണ്ട്.പോക്സോ കേസ് റദ്ദായാല്‍ ബ്രിജ് ഭൂഷണെതിരായ കുറ്റത്തിന്‍റെ തീവ്രത കുറയും. മറ്റ് പരാതികളും കെട്ടിചമച്ചതാണെന്ന വാദത്തിലേക്ക് എത്തിച്ചാല്‍ ബ്രിജ് ഭൂഷണ് രക്ഷപ്പെടാം. അന്വേഷണത്തില്‍ പൊലീസിന്‍റെ നിലപാടാണ് അന്തിമമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ബ്രിജ് ഭൂഷണെ രക്ഷപ്പെടുത്തിയാല്‍ സമരം വീണ്ടും ശക്തമാക്കാനാണ് താരങ്ങളുടെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe