ബോംബ് വര്‍ഷത്തിനിടെ ജീവനുംകൊണ്ടോടി പലസ്തീനികള്‍; അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി

news image
Oct 17, 2023, 10:55 am GMT+0000 payyolionline.in

ഗാസ: ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്പില്‍ നിന്ന് പലായനം ചെയ്ത നൂറു കണക്കിന് പലസ്തീൻ മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതനമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍. ഗാസയിലെ സെന്റ് പോർഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്. ജീവനും കയ്യില്‍ പിടിച്ച് ചര്‍ച്ചിലെത്തിയവരില്‍ പല വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് അഭയം തേടിയെത്തിയ വാലാ സോബെ എന്ന യുവതി പറഞ്ഞു.

“ഇന്ന് പകല്‍ ഞങ്ങള്‍ ജീവനോടെയുണ്ട്. ഈ രാത്രി കടക്കുമോ എന്ന് ഉറപ്പില്ല. എന്നാൽ ചുറ്റുമുള്ളവര്‍ ഞങ്ങളുടെ വേദന ലഘൂകരിക്കുന്നു” സോബെ പറഞ്ഞു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി പള്ളിയില്‍ വൈദികന്മാര്‍ നിലകൊള്ളുന്നുവെന്ന് സോബെ പറഞ്ഞു. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടേതാണ് സെന്റ് പോർഫിറിയസ് ദേവാലയം.

ഇസ്രയേല്‍ – ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തിപ്പോള്‍, ഇതുവരെ ഇസ്രയേൽ മിസൈലുകള്‍ പള്ളിയെ തൊട്ടിട്ടില്ല. എന്നാല്‍ ഇസ്രായേൽ പള്ളിയിൽ ബോംബിടില്ലെന്ന് തനിക്ക് ഉറപ്പില്ലെന്ന് സെന്റ് പോർഫിറിയസിലെ വൈദികനായ ഫാദർ ഏലിയാസ് പറഞ്ഞു. ഈ ദേവാലയം നൂറുകണക്കിന് സാധാരണക്കാർക്ക് അഭയം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ഈ ദേവാലയത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഏതെങ്കിലും മതത്തിനെതിരായ ആക്രമണം അല്ലെന്നും മറിച്ച് മാനവികതയ്‌ക്കെതിരായ ആക്രമണം കൂടിയാണെന്നും ഫാദർ ഏലിയാസ് പറഞ്ഞു. സഹായം ആവശ്യമുള്ളവർക്ക് സഹായം നല്‍കുന്നതാണ് മാനവികതയെന്നും അദ്ദേഹം പറഞ്ഞു.

1150 നും 1160 നും ഇടയിൽ നിർമിച്ചതാണ്  ഗാസയിലെ സെന്റ് പോർഫിറിയസ് പള്ളി. അഞ്ചാം നൂറ്റാണ്ടില്‍ ഗാസയില്‍ ജീവിച്ചിരുന്ന ബിഷപ്പിന്റെ പേരാണ് പള്ളിക്ക് നല്‍കിയത്. ഗാസയിലെ പലസ്തീനികള്‍ക്ക് മതഭേദമില്ലാതെ ഈ ദേവാലയം പ്രതിസന്ധി സമയങ്ങളില്‍ ആശ്വാസം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe