‘ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ല’, ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്

news image
Sep 30, 2023, 7:28 am GMT+0000 payyolionline.in

തിരുവനന്തപുരം:ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിന് സിപിഎം മുന്നറിയിപ്പ് നല്‍കി. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം  ആരോപിച്ചിരുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കി. ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പ്രശ്ന പരിഹാരത്തിന് ജെ.ഡി.എസ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരള ജെഡിഎസ് ഒരിക്കലും എൻഡിഎ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് വ്യക്തമാക്കി.

 

 

നിര്‍ണായക തീരുമാനമെടുക്കാൻ കേരള ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗം ഏഴിന് ചേരും. എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേശീയാധ്യക്ഷൻ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്.. പാർട്ടി  അധ്യക്ഷനെന്ന നിലയിൽ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേൽ അടിച്ചേൽപിക്കില്ല. കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവർക്ക് വിട്ടുവെന്നും ദേവഗൗഡ അറിയിച്ചു.

 

 

തനിക്ക് പ്രധാനം കർണാടകത്തിൽ ജെഡിഎസ്സിനെ രക്ഷിക്കുക എന്നതാണെന്ന് ദേവഗൗഡ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ജെഡിഎസ്സിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. 2006-ൽ ജെഡിഎസ് – ബിജെപി സഖ്യസർക്കാർ കർണാടകത്തിൽ അധികാരത്തിൽ വന്നപ്പോഴും സമാനസ്ഥിതിയുണ്ടായിരുന്നു. അന്ന് കേരളത്തിലെ സംസ്ഥാനഘടകം സ്വതന്ത്രമായി തീരുമാനമെടുത്താണ് നിന്നതെന്നും ദേവഗൗഡ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe