ബി.ജെ.പി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

news image
Sep 28, 2023, 10:15 am GMT+0000 payyolionline.in

ഉജ്ജയിൻ: ഉജ്ജയിനിൽ 12 വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. പെൺകുട്ടികളും സ്ത്രീകളും ആദിവാസികളും ദലിതരുമൊന്നും ബി.ജെ.പി ഭരണത്തിൽ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.

“മഹാകാൽ പ്രഭുവിന്റെ നഗരമായ ഉജ്ജയിനിൽ ഒരു കൊച്ചു പെൺകുട്ടിക്ക് നേരെയുണ്ടായ ക്രൂരത മനസിനെ തകർക്കുന്നതാണ്. പീഡനത്തിന് ശേഷം അവൾ സഹായത്തിനായി രണ്ടര മണിക്കൂറോളം വീടുകൾതോറും അലഞ്ഞുനടന്നു. പക്ഷേ സഹായം ലഭിച്ചില്ല. തുടർന്ന് ബോധരഹിതയായി റോഡിൽ വീണു. ഇതാണോ മധ്യപ്രദേശിലെ ക്രമസമാധാനത്തിന്റെയും സ്ത്രീ സുരക്ഷയുടെയും അവസ്ഥ? ബി.ജെ.പിയുടെ 20 വർഷത്തെ ദുർഭരണത്തിൽ പെൺകുട്ടികളും സ്ത്രീകളും ആദിവാസികളും ദലിതരും സുരക്ഷിതരല്ല.”- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിക്കും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും തെരഞ്ഞടുപ്പ് അടുക്കുമ്പോൾ മാത്രമേ സ്ത്രീകളുടെ നിലവിളി കേൾക്കാൻ കഴിയു എന്ന് പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ബി.ജെ.പിക്കെതിരെ വിമർശനമുയർത്തി.

ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12കാരി അർധ നഗ്നയായി ചോരയൊലിച്ച് സഹായത്തിനായി വീടുകളുടെ വാതിലുകൾ മുട്ടി അലയുന്ന ദൃശ്യം കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. ഉജ്ജയിനിലെ ബദ്‌നഗർ റോഡിലാണ് സംഭവം. രണ്ടര മണിക്കൂർ അർധനഗ്നയായി തെരുവിൽ സഹായത്തിനായി അലഞ്ഞിട്ടും കുട്ടിയെ ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ സമീപത്തെ ആശ്രമത്തിലെത്തിയ പെൺകുട്ടിയെ പുരോഹിതരാണ് ആശുപത്രിയിൽ എത്തിച്ചത്. വൈദ്യപരിശോധനയിൽ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിൽ 38കാരനായ ഓട്ടോ ഡ്രൈവർ രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe