കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരുടെ കൈയാങ്കളിക്കും സംഘർഷങ്ങൾക്കുമെതിരെ നടപടിയുമായി പൊലീസ്. ബസ് തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിൽ അതിക്രമം വർധിക്കുകയാണെന്ന് തൊഴിലാളികൾക്കിടയിലും ബസ് ഉടമകൾക്കിടയിലും അഭിപ്രായമുയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശോധന കർശനമാക്കുന്നത്.
തൊഴിലാളികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പരിശോധനകൾക്കും തങ്ങൾ എതിരല്ലെന്ന് ബസ് ഉടമകൾ അറിയിക്കുകയും ചെയ്തിരുന്നു. ബസ് സമയം സംബന്ധിച്ച് അടിക്കടി തർക്കങ്ങൾ ഉണ്ടാകുന്നത് യാത്രക്കാർക്കും ഏറെ പ്രയാസമാകുകയാണ്.
യാത്രക്കിടെ ബസുകൾ നടുറോഡിൽ തടഞ്ഞുനിർത്തിയാണ് കൂട്ടംകൂടിയുള്ള അടിപിടിയും അക്രമവും തുടരുന്നത്. പൊലീസിനുപോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ദിവസങ്ങൾക്ക് മുമ്പ് മാവൂർ റോഡിൽവെച്ച് തർക്കമുണ്ടായതിനെതുടർന്ന് നടക്കാവ് പൊലീസ് ബസുകൾ കസ്റ്റഡിയിലെടുത്ത് ജീവനക്കാർക്കെതിരെ കേസെടുത്തു.
ഈ സാഹചര്യത്തിലാണ് ബസ് സ്റ്റാൻഡുകളിൽ പരിശോധ നടത്തുമെന്ന് കസബ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ പറഞ്ഞത്. സംഘർഷത്തിൽ ഏർപ്പെടുന്നവർ ലഹരി ഉപയോഗിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ കർശന നടപടിയെടുക്കും. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ആർ.ടി.ഒ മുമ്പാകെ ബോണ്ട് വെക്കുന്നതരത്തിൽ നടപടിക്രമങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.