ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ. വിവരം നൽകുന്നവരുടെ ഐഡിന്റിറ്റി രഹസ്യമായിരിക്കുമെന്നും എൻ.ഐ.എ അറിയിച്ചു. രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയെന്ന സംശയിക്കുന്നയാളുടെ വിവരങ്ങൾ പുറത്ത് വന്നിരുന്നു.
ബംഗളൂരു വൈറ്റ് ഫീൽഡിലെ ബ്രൂക്ക്ഫീൽഡിൽ രാമേശ്വരം കഫേയിലാണ് സ്ഫോടനം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് സ്ഫോടനത്തിന്റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്. യു.എ.പി.എ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. തൊപ്പി ധരിച്ച് മുഖം മറച്ച് എത്തിയ പ്രതി ടൈമർ ഘടിപ്പിച്ച ബോംബ് വസ്തു അടങ്ങിയ ബാഗ് കഫേയിൽ ഒളിപ്പിച്ച് മടങ്ങുകയായിരുന്നു. ഇയാൾ വരുന്നതിന്‍റെയും മടങ്ങുന്നതിന്‍റെയുമടക്കം വിവിധ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.