പ്രിയങ്ക റായ്ബറേലിയിലും രാഹുൽ അമേത്തിയിലും വയനാട്ടിലും മത്സരിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

news image
Mar 6, 2024, 10:46 am GMT+0000 payyolionline.in

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ റായ്​ബറേലിയിൽ കന്നിയങ്കത്തിന് ഇറങ്ങിയേക്കും. പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമോ എന്നത് ഏറെ കാലമായി ഉറ്റുനോക്കിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും അണികളും. അമ്മ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെയാണ് റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കാനൊരുങ്ങുന്നത്. രാജസ്ഥാനിൽ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2019ൽ സോണിയ ഗാന്ധി 1.8 ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോണിയ ബി.ജെ.പിയുടെ പ്രതാപ് സിങ്ങിനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഇവിടുത്തെ സ്ഥാനാർഥിയെ ബി.ജെ.പി തീരുമാനിച്ചിട്ടില്ല. പ്രിയങ്കയുടെ മുത്തശ്ശിയും ​മുൻപ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയും തെരഞ്ഞെടുക്കപ്പെട്ടത് റായ്ബേറലിയിൽ നിന്നാണ്. സോണിയ ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റായ്ബറേലിയിൽ പ്രിയങ്ക സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുയർന്നിരുന്നു.

അതുപോലെ സിറ്റിങ് സീറ്റായ വയനാടിനൊപ്പം രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേത്തിയിലും മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉട​നുണ്ടാകുമെന്നാണ് റിപ്പോർട്ട്.

രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. 2002 മുതൽ അമേത്തിയിലെ എം.പിയായിരുന്ന രാഹുലിന് 2019ൽ സ്മൃതി ഇറാനിയോട് അടിപതറുകയായിരുന്നു. മണ്ഡലം ബി.ജെ.പിയിൽ നിന്ന് തിരിച്ചുപിടിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. അമേത്തിയിൽ സ്മൃതി ഇറാനിയെ തന്നെയായിരിക്കും ബി.ജെ.പി കളത്തിലിറക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe