പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചു; മലപ്പുറത്ത് കോടതി ചെലവടക്കം ഇൻഷൂറൻസ് കമ്പനി നൽകേണ്ടത് ലക്ഷങ്ങൾ

news image
Jul 22, 2023, 4:22 pm GMT+0000 payyolionline.in

മലപ്പുറം: കൊറോണ  രക്ഷക് പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചതിനെ തുടർന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയോട് 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. നഷ്ടപരിഹാരം കൂടാതെ ഇൻഷൂറൻസ് തുകയായ 1.5 ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപ  നൽകാനും കമ്മീഷന്‍ ഉത്തരവായി.

ഊരകം കീഴമുറി സ്വദേശി വള്ളിക്കാടൻ കമറുദീൻ സമർപ്പിച്ച പരാതിയിലാണ് വിധി. പരാതിക്കാരന് കൊവിഡ് ബാധിക്കുകയും വേങ്ങര ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹെൽത്ത് സെന്ററിൽ ചികിത്സ നടന്നിട്ടില്ലെന്നും അവിടെ സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മാത്രമാണെന്നും പറഞ്ഞാണ് കമ്പനി ഇൻഷൂറൻസ് തുക നിഷേധിച്ചത്. ഇൻഷൂറൻസ് വ്യവസ്ഥ പ്രകാരം 72 മണിക്കൂർ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയ്ക്ക് ആനുകൂല്യം നൽകണം.

എന്നിരിക്കെ ഹെൽത്ത് സെന്ററിനെ ആശുപത്രിയായി അംഗീകരിക്കാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ നിലപാട് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടാണ് മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ മെമ്പർമാരുമായ കമ്മീഷന്റെ വിധി. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം 12 ശതമാനം പലിശയും കമ്പനി നൽകണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe