പൊന്നേ… പൊള്ളുന്നു! പവൻ ‘58,000’ കടന്നു; വാങ്ങൽ വില 63,000 രൂപയ്ക്ക് മുകളിൽ

news image
Oct 19, 2024, 6:10 am GMT+0000 payyolionline.in

പൊന്നേ… പൊള്ളുന്നു! കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻ വില 58,000 രൂപ കടന്നു. ഇന്ന് 320 രൂപ വർധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയർന്ന് 7,280 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്; ഗ്രാമിന് 255 രൂപയും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലും അധികം. ഈ വർഷം ജനുവരിയിലെ ഏറ്റവും കുറഞ്ഞവില 45,920 രൂപയായിരുന്നു പവന്; ഗ്രാമിന് 5,740 രൂപയും. അതുമായി താരതമ്യം ചെയ്യുമ്പോൾ പവന് ഈവർഷം ഇതുവരെ 12,320 രൂപയും ഗ്രാമിന് 1,540 രൂപയും ഉയർന്നു.

22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ വില വൻതോതിൽ കുറവാണെന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വലിയ പ്രിയമുണ്ട്. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുമാണ് 18 കാരറ്റ് സ്വർണം ഉപയോഗിക്കുന്നത്.

 

എന്നാൽ, ഇതിനും വില കുത്തനെ കൂടുന്നത് ഇപ്പോൾ ആശങ്കയാവുകയാണ്. വില ചരിത്രത്തിലാദ്യമായി ഇന്ന് 6,000 രൂപയും കടന്നു. ഗ്രാമിന് 30 രൂപ ഉയർന്ന് 6,015 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളി വിലയാകട്ടെ സെഞ്ചറിയും കടന്ന് റെക്കോ‍ർഡിലേക്ക് മുന്നേറുന്നു. ഗ്രാമിന് ഇന്ന് രണ്ടുരൂപ വർധിച്ച് വില 102 രൂപയായി.

 

ഇന്നൊരു പവൻ ആഭരണത്തിന് വിലയെന്ത്?

മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 53.10 രൂപയാണ് ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി). പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്ന് 63,041 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,880 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.

വില കുതിക്കാൻ കാരണങ്ങളേറെ

സ്വർണവില ഓരോ ദിവസവും ഇങ്ങനെ റെക്കോർഡ് തകർക്കാൻ കാരണങ്ങൾ ഒട്ടേറെ. രാജ്യാന്തര വില ഔൺസിന് 2,722 ഡോളർ എന്ന പുതിയ ഉയരം കുറിച്ചു. നിലവിൽ വ്യാപാരം നടക്കുന്നത് 2,721 ഡോളറിൽ. ഇന്നലെയാണ് ആദ്യമായി 2,700 ഡോളർ ഭേദിച്ചത്. ലോക സമ്പദ്‍വ്യവസ്ഥ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുകയും ചെയ്യുന്നതാണ് വില വർധന സൃഷ്ടിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe