പി വി സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം: സിപിഐ എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌

news image
Feb 23, 2024, 11:55 am GMT+0000 payyolionline.in

കോഴിക്കോട്‌ > സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ്. ക്ഷേത്രമുറ്റത്തെ കൊലപാതകം നിഷ്ഠൂരവും ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലയ്‌ക്ക് കാരണമെന്നാണ് അനുമാനം.

 

 

പ്രസ്‌താവന

സിപിഐ എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ നിഷ്ഠൂരമായ കൊലപാതകത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധവും അഗാധമായ അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കാളികളാവുന്നു. ഇന്നലെ രാത്രി പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രോത്സവത്തിനിടയിലാണ് സത്യനാഥനെ ക്ഷേത്രമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. സര്‍വ്വസമ്മതനും ജനങ്ങളുടെ പ്രിയപ്പെട്ടവനുമായ സത്യനാഥനെ ക്ഷേത്രമുറ്റത്തിട്ട് നിഷ്ഠൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവന യില്‍ പറഞ്ഞു.

സിപിഐ എമ്മിന്റെ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സത്യനാഥന്‍ കര്‍ഷകതൊഴിലാളി യൂണിയന്റെ ഏരിയാകമ്മറ്റി അംഗവും ബാലസംഘം ചുമതലക്കാരനുമാണ്. കൊയിലാണ്ടിയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും സത്യനാഥന്‍ സജീവമായി ഇടപെട്ടിരുന്നു. 1970-കളുടെ അവസാനത്തോടെ പാര്‍ടി രംഗത്ത് സജീവമായ സത്യനാഥന്‍ കൊയിലാണ്ടിയിലെ എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന പൊതുപ്രവര്‍ത്തകനാണ്. കക്ഷിഭേദമില്ലാതെ എല്ലാവരുടെയും അംഗീകാരം പിടിച്ചുവാങ്ങിയ പാര്‍ടി നേതാവാണ് സത്യനാഥനെന്നും പ്രസ്‌താവനയില്‍ പറയുന്നു. ലഹരിമരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം സത്യനാഥന്റെ ജീവനെടുക്കുന്ന ഈ ക്രൂരമായ ആക്രമണത്തിന് കാരണമായതെന്ന് കരുതേണ്ടിയിരിക്കുന്നു. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അനേ്വഷണം നടത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe