പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതി; ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

news image
Jun 16, 2023, 1:21 pm GMT+0000 payyolionline.in

കൊച്ചി: പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അറസ്റ്റ് തടയണമെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നുമുള്ള ഷാജൻ സ്‌കറിയയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളുകയും അറസ്റ്റിന് തടസ്സമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3-1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി-ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് എളമക്കര പൊലീസ് ഷാജന്‍ സ്കറിയക്കെതിരെ കേസെടുത്തത്. മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്ററായിരുന്ന എം. ഋജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജിന്‍റെ പരാതിയിലുണ്ട്‌. ആസൂത്രിത അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എൽ.എ പരാതിയിൽ പറയുന്നു. പി.വി ശ്രീനിജിന് വേണ്ടി അഡ്വ. കെ.എസ്‌. അരുൺ കുമാർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe