പാലക്കാട്: പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിലായി. സരളപ്പതി തേവർ തോട്ടത്തിൽ മുനിസ്വാമിയെ (63) ആണ് പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയിലുള്ള അണ്ണാനഗറിൽ നിന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്ന് ചെത്തിമിനുക്കിയ ചന്ദന മുട്ടികൾ പിടിച്ചെടുത്തു. ചന്ദനക്കടത്തിന് ഉപയോഗിച്ച വാഹനവും വനം വകുപ്പ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ വർഷം ജനുവരിയിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുമാണ് ചന്ദന മരങ്ങൾ കടത്തിക്കൊണ്ട് പോയത്. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ സുങ്കം റെയിഞ്ചിലുള്ള ഇലത്തോട് സെക്ഷനിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുച്ചിമുടിയിൽ നിന്ന് മുപ്പത്തിയഞ്ചോളം ചന്ദന മരങ്ങൾ മുറിച്ചിരുന്നു. ഇതിൽ നിന്നുള്ള 18 എണ്ണമാണ് കടത്തിക്കൊണ്ട് പോയത്. ഈ സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 10 ആന്റി പോച്ചിങ് വാച്ചർമാർ എന്നിവരെ വനം വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു.
പറമ്പിക്കുളം കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ആർ സുജിത്തിന്റെ നിർദേശപ്രകാരം ചന്ദനം കടത്തിയവരെ പിടികൂടാൻ രാത്രികാല പരിശോധനകളുൾപ്പെടെ വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഫലമായാണ് തമിഴ്നാട് സ്വദേശി അറസ്റ്റിലായത്.
കഴിഞ്ഞ 40 വർഷമായി കാട്ടിൽ നിന്നും നാട്ടിൽ നിന്നും മറ്റുള്ളവർ മുറിയ്ക്കുന്ന ചന്ദനത്തടി വാങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വൻകിട ചന്ദന മാഫിയകൾക്ക് വിൽക്കുന്നയാണ് ഇപ്പോൾ പിടിയിലായ മുനിസ്വാമി എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലങ്കോട് റെയിഞ്ചിൽ മുറിച്ച മരങ്ങളും ഇയാൾ തന്നെയാണ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കാട്ടിൽ നിന്ന് മരം മുറിച്ചവരുടെ വിവരങ്ങളും ഇയാളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാവരും തമിഴ്നാട് സ്വദേശികളാണ്.
പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി അജയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എച്ച് മനു, കെ.എൻ മനു, ടി.എസ് സുനീഷ്, ഡ്രൈവർ ഐ നവാസ്, വാച്ചർ ആർ ദുരൈസ്വാമി, ആന്റ പോച്ചിങ് വാച്ചർമാരായ തങ്കുസ്വാമി, വി രജീഷ്, എം രഘു എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.
അറസ്റ്റിലായ മുനിസ്വാമിയെ ചിറ്റൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടിയിൽ ഹാജരാക്കി ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. ഇയാളെ ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം.