പയ്യന്നൂർ ഫണ്ട്‌ തിരിമറി; മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെടുത്തു

news image
Sep 25, 2023, 2:07 pm GMT+0000 payyolionline.in

കണ്ണൂര്‍: പയ്യന്നൂർ ഫണ്ട്‌ തിരിമറി വിവാദത്തിന് പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ സിപിഎം. ടി ഐ മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെടുത്തു. വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഫണ്ട്‌ തിരിമറി ആരോപണത്തിന് പിന്നാലെ ടി ഐ മധുസൂദനൻ എംഎൽഎയെ തരംതാഴ്ത്തിയിരുന്നു. ഫണ്ട്‌ തിരിമറി പരാതി ഉന്നയിച്ച കുഞ്ഞികൃഷ്ണനെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഫണ്ട് തിരിമറി ആരോപണങ്ങളിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും ടി ഐ മധുസൂധനൻ എംഎൽഎയ്‍ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്.

സ്ഥാനാർത്ഥി എന്ന നിലയിൽ മധുസൂധനൻ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ലെന്നായിരുന്നു വിമർശനം. എംഎൽഎ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ല, സ്ഥാനാർത്ഥി എന്ന നിലയിൽ പുലർത്തേണ്ട ജാഗ്രത മധുസൂധനൻ പുലർത്തിയില്ല എന്നൊക്കെയാണ് വിമർശനം ഉയർന്നത്. ടി ഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാധൻ, കെ കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി.  2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടനിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe