കോഴിക്കോട്: നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഒടുവിൽ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ആര്യനാട് വടയാരപുത്തൻ വീട് മണികണ്ഠൻ (36) ആണ് അറസ്റ്റിലായത്. കോഴിക്കോട് പന്നിയങ്കര പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് മോഷ്ടാവിനെ പൊലീസ് പൊക്കിയത്.
പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ രണ്ട് കേസ്സിലും കോഴിക്കോട് ടൗൺ,എലത്തൂർ കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിൽ ഓരോ കേസ്സിലും തൃശ്ശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ഏഴ് കേസ്സുകളിലും ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഒരു കേസ്സിലും പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഒരു കേസ്സിലും കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഒരു കേസ്സിലും ഉൾപ്പെട്ടയാളാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വീടുകളുടെയും കടകളുടെയും മേൽക്കര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശംഭുനാഥ്.കെ, സബ്ബ് ഇൻസ്പെക്ടർ മുരീധരൻ.കെ. സബ്ബ് ഇൻസ്പെക്ടർ ഷാജി.വി, എ.എസ്.ഐമാരായ ബിജു എം, ബാബു, എസ്.സി.പി.ഒ. പദ്മരാജ്, സുജിത്ത് മനോജ് കുമാർർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.