ഡൽഹി > പതഞ്ജലി സസ്യാധിഷ്ഠിത ഉൽപ്പന്നമാണെന്ന് പരസ്യം നൽകിയ ‘ദിവ്യ ദന്ത് മഞ്ചൻ’ എന്ന പൽപ്പൊടിയിൽ മാംസാംശമുണ്ടെന്ന് കണ്ടെത്തൽ. ബാബാ രാംദേവിനും പതഞ്ജലിയുടെ ദിവ്യ ഫാർമസിക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ബാബാ രാംദേവിനും കേന്ദ്രസർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. അഭിഭാഷകനായ നിതിൻ ശർമ്മയാണ് ഹർജി നൽകിയത്.
വെജിറ്റേറിയൻ വിഭാഗമാണെന്ന് ലേബൽ ചെയ്ത് പൽപ്പൊടിയിലാണ് മാംസാംശം കണ്ടെത്തിയത്. പൽപ്പൊടിയുടെ പാക്കേജിങ്ങിൽ സസ്യാഹാരവും സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങളാണണെന്ന് വ്യക്തമാക്കുന്ന പച്ച ഡോട്ട് നൽകിയിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്ക് ശേഷം ചേരുവകളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തിയത്.
സസ്യാധിഷ്ഠിത പൽപ്പൊടിയാണെന്ന് വിശ്വസിച്ച് ദീർഘകാലമായി ഹർജിക്കാരനും അവരുടെ കുടുംബവും ഉപയോഗിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് ചേരുവകളിൽ കണവ മീനിന്റെ ഭാഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചത്. സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്ന് വിശ്വസിച്ച് വാങ്ങുന്നവരെ വഞ്ചിക്കുകയാണ് കമ്പനി ചെയ്യുന്നതെന്നാണ് ഹർജിക്കാരൻ പറയുന്നത്. പതഞ്ജലിയുടെ പരസ്യങ്ങളെ പറ്റിയും ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നമാണെന്നും ഹർജിയിൽ പറയുന്നു. കേസ് നവംബർ 28 ന് വീണ്ടും പരിഗണിക്കും.
നേരത്തേയും പതഞ്ജലിക്കെതിരെ ഒരുപാട് പരാതികൾ കോടതിക്കു മുൻപാകെ വന്നിട്ടുണ്ട്. കോവിഡിനെ ചെറുക്കുമെന്നു പറഞ്ഞ് പുറത്തിറക്കിയ കൊറോണില്‍ മരുന്നിനെതിരെ കോടതി നടപടിയെടുത്തിരുന്നു. കമ്പനിയുടെ കര്‍പ്പൂരം ഉല്പന്നങ്ങള് വിപണിയില്‍ നിന്ന് പിൻവലിക്കണമെന്ന ഇടക്കാല ഉത്തരവ് ലംഘിച്ചതിൽ ബോംബെ ഹൈക്കോടതി നാലു കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 14 പതഞ്ജലി ഉല്പന്നങ്ങളുടെ ലൈസന്‍സും റദ്ദാക്കിയിരുന്നു.