പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്നു മൽസരിക്കാൻ വെല്ലുവിളിച്ച് ബിജെപി. നിതീഷ് കുമാർ ജന്മനാടായ നളന്ദ ഉൾപ്പെടെ ബിഹാറിലെ ഏതു മണ്ഡലത്തിൽ മൽസരിച്ചാലും തോൽപിക്കുമെന്നു പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ അവകാശപ്പെട്ടു.
പട്ന സാഹിബ് മണ്ഡലത്തിൽ നിതീഷ് മൽസരിച്ചാൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കു പരാജയപ്പെടുമെന്നും വിജയ് കുമാർ സിൻഹ പ്രവചിച്ചു. ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങിനെ സിറ്റിങ് സീറ്റായ മുംഗേറിൽ തോൽപിക്കുമെന്നും വിജയ് കുമാർ സിൻഹ പറഞ്ഞു.
യുപിയിലെ ഫുൽപുർ മണ്ഡലത്തിൽ നിതീഷ് കുമാർ മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. യുപിയിൽ മൽസരിക്കുന്ന കാര്യത്തിൽ നിതീഷ് കുമാറിന്റെ നിലപാട് അറിയാൻ യുപിയിലെ ജെഡി (യു) നേതാക്കൾ വൈകാതെ നിതീഷിനെ സന്ദർശിക്കുമെന്നു ജെഡി (യു) മന്ത്രി ശ്രാവൺ കുമാർ വെളിപ്പെടുത്തി.