നാലാമതും പെൺകുഞ്ഞ് പിറന്നു, കുറ്റപ്പെടുത്തൽ പേടിച്ച് ദില്ലിയിൽ അമ്മ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്നു

news image
Aug 31, 2024, 2:35 pm GMT+0000 payyolionline.in

ദില്ലി: ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ ഭയന്ന് ദില്ലിയിൽ നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ 28 കാരിയായ മാതാവ് ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ദില്ലിയിലെ ഖലായിലാണ് ആറ് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. യുവതിക്ക് നേരത്തെ മൂന്ന് പെൺകുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. വീണ്ടും ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയതോടെ യുവതി കടുത്ത നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്‍റെ പേരിൽ യുവതി ബന്ധുക്കളിൽ നിന്നും സമൂഹത്തില്‍നിന്നും അവഹേളനം നേരിട്ടിരുന്നെന്നും, ഇതാണ് വീണ്ടും പെണ്‍കുഞ്ഞ് പിറന്നതോടെ കുട്ടിയെ ഇവർ കൊലപ്പെടുത്താൻ കാരണമെന്നും പൊലീസ് പറഞ്ഞു.  ആറ് ദിവസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി അയൽപക്കത്തെ വീടിന്‍റെ ടെറസിൽ ഉപേക്ഷിക്കുകയായിരുന്നു. ആദ്യം കുട്ടിയെ കാണാനില്ലെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശിവാനിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

ശിവാനി സംഭവ ദിവസത്തിന്‍റെ തലേന്നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തിയത്. പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞിന് ഭക്ഷണം നൽകിയ ശേഷം ഉറക്കി കിടത്തി. പുലർച്ചെ 4.30ന് ഉണർന്നപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നാണ് ശിവാനി ആദ്യം പൊലീസിനോട് പറഞ്ഞത്.  പൊലീസ് പരിശോധന നടക്കുമ്പോൾ ആശുപത്രിയിൽ പോകാൻ അനുവദിക്കണമെന്ന് പൊലീസിനോട് ശിവാനി ആവശ്യപ്പെട്ടു. യുവതിയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത്  ശിവാനിയെ ആശുപത്രിയിൽ പോകാൻ പൊലീസ് അനുവാദം നൽകി.

ഇതിനിടെ പൊലീസ് സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ യുവതി വീടിന് പുറത്തേക്ക് പോകുന്നത് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ മൊഴിപ്രകാരം പൊലീസ് അയൽവാസിയുടെ വീടിന്‍റെ ടെറസിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിസിപി വ്യക്തമാക്കി. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഡിസിപി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe