കണ്ണൂർ: മരിച്ച എ.ഡി.എം നവീൻ ബാബുവിനെതിരെ ടി.വി. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതി വ്യാജമെന്ന് സംശയം. പരാതിയിലെ ഒപ്പിലും പേരിലും വൈരുദ്ധ്യമുണ്ടെന്നാണ് കണ്ടെത്തിയത്.
ടി.വി. പ്രശാന്തൻ പെട്രോൾ പമ്പ് പാട്ടക്കരാറിൽ നൽകിയ ഒപ്പും മുഖ്യമന്ത്രിക്കുള്ള പരാതിയിൽ നൽകിയ ഒപ്പും തമ്മിലാണ് വ്യത്യാസം. ഇത് മാത്രമല്ല, പെട്രോൾ പമ്പിനുള്ള കരാറിൽ പ്രശാന്ത് എന്നാണ് പേര് നൽകിയത്. എന്നാൽ, നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പ്രശാന്തൻ ടി.വി എന്നാണുള്ളത്.
അതേസമയം, കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. നവീൻ ബാബുവിന് അവധി നല്കുന്നതില് നിയന്ത്രണമുണ്ടായിരുന്നെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്കാന് വൈകിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിൽ എത്തിയെങ്കിലും കണ്ണൂർ കലക്ടർക്ക് നവീന്റെ വീട്ടിൽ കയറാൻ ബന്ധുക്കൾ അനുമതി നൽകിയിരുന്നില്ല.
ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നവീൻ ബാബുവിനെ അധിക്ഷേപിച്ച് സംസാരിക്കുമ്പോൾ മറുത്തുപറയാതിരുന്നത് കലക്ടറെ കുരുക്കിലാക്കിയിട്ടുണ്ട്. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ, കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയതും കലക്ടറെ വെട്ടിലാക്കിയിട്ടുണ്ട്.