നരിക്കുനി: പ്രദേശത്ത് തെരുവുനായ് ആക്രമണം തുടരുന്നു. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരനെ തെരുവുനായ് കടിച്ചു. വൈകീട്ട് നരിക്കുനി സ്വദേശിയായ ശാഹിറിനെയാണ് (33) തെരുവുനായ് കടിച്ചത്. നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് ശേഷം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നായുടെ പരാക്രമം കണ്ട് യാത്രക്കാർ ബസിലേക്ക് ഓടിക്കയറിയതിനാലും സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ ഇടപെടലും കാരണം കൂടുതൽപേർക്ക് കടിയേറ്റില്ല. ചത്തനിലയിൽ കണ്ട തെരുവുനായ്ക്ക് പേവിഷബാധയുണ്ടോ എന്നറിയാൻ പൂക്കോട് വെറ്ററിനറി സെൻററിൽ പരിശോധനക്ക് കൊണ്ടുപോയി.
അഞ്ച് ദിവസം മുമ്പ് കാരുകുളങ്ങര, മൂർഖൻകുണ്ട് പ്രദേശങ്ങളിൽ ഏഴ് വയസ്സായ വിദ്യാർഥിനിയുൾപ്പെടെ ആറ് പേരെയും നാല് വളർത്തുമൃഗങ്ങളെയും തെരുവുനായ് കടിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ഏഴ് വയസ്സുകാരി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അവസാനം ചത്തനിലയിൽ കണ്ട നായെ പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പേവിഷബാധയുള്ളതായി കണ്ടെത്തി. നിപ കുറഞ്ഞുവന്നതോടെ അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ സജീവമായതായിരുന്നു. ഇതിനിടയിലാണ് വീണ്ടും തെരുവുനായുടെ പരാക്രമം. നായ്ക്കൾ കടകളുടെ വരാന്തയിലും സ്റ്റാൻഡിലുമാണ് താവളമടിക്കുന്നത്.