കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിൽനിന്ന് കടുവയെ തൃശൂരിലേക്ക് കൊണ്ടുപോയി. ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും അറിയിച്ചശേഷമാണ് കൂടല്ലൂരിൽനിന്ന് കടുവയെ കൊണ്ടുപോയത്. സുവോളജിക്കൽ പാർക്കിലെ നിരീക്ഷണ കേന്ദ്രത്തിൽ കടുവയെ പാർപ്പിക്കും. പരുക്കേറ്റ കടുവയുടെ ആരോഗ്യം വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂക്കിനേറ്റ മുറിവിനാകും ആദ്യം ചികിൽസ നല്കുക.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിലെ ഒരാൾക്ക് ഉടൻ വനംവകുപ്പിൽ താൽകാലിക ജോലി നൽകും. കുടുംബത്തിന് കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള റിപ്പോർട്ടിൻമേലുള്ള നടപടികൾ വേഗത്തിലാക്കും. ചർച്ചയിലെ തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്ന് സിപിഐ എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിജയം കണ്ടത് 10 ദിവസത്തെ ദൗത്യം
നരഭോജി കടുവയെ പിടികൂടിയത് സർവസന്നാഹങ്ങളോടെ 10 ദിനം വനംവകുപ്പ് നടത്തിയ ശ്രമത്തിനൊടുവിൽ. നൂറിലേറെ വരുന്ന ദൗത്യസംഘം രാപകൽ നടത്തിയ അധ്വാനത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. ഉത്തരമേഖല സിസിഎഫ് കെ എസ് ദീപയും സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്നയും കൂടല്ലൂരിൽ ക്യാമ്പ് ചെയ്ത് ദൗത്യത്തിന് നേതൃത്വം നൽകി. അഞ്ച് കൂടുകളും തത്സമയ ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്ന 30 കാമറകളും സ്ഥാപിച്ചു. രാപകൽ തിരച്ചിൽ നടത്തി. ഡ്രോൺ പറത്തിയും പരിശോധനകൾ തുടർന്നു. ആർആർടി സംഘങ്ങൾ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ആർആർടിക്ക് പുറമേ ജില്ലയിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽനിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും തിരച്ചിലിനുണ്ടായിരുന്നു.
എന്നാൽ മയക്കുവെടിവയ്ക്കാനോ, വെടിവച്ച് കൊല്ലാനോ കഴിയുംവിധമുള്ള സാഹചര്യത്തിൽ ലഭിച്ചില്ല. വിവിധ ദിവസങ്ങൾ പല കേന്ദ്രങ്ങളിൽ കടുവയെ കണ്ടെത്തിയെങ്കിലും ദൗത്യസംഘത്തിന്റെ തുരത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തി രക്ഷപ്പെട്ടു. കൂടല്ലൂരിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കല്ലൂർക്കുന്ന് ഞാറ്റാടിയിൽ ശനി രാത്രി എത്തിയ കടുവ വാകയിൽ സന്തോഷിന്റെ ഗർഭിണിയായ പശുവിനെ കൊന്നു. ഞായർ രാത്രിയും ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഇവിടെ സ്ഥാപിച്ച കൂട്ടിൽ കയറിയില്ല. തിങ്കൾ പകൽ കടുവ വീണ്ടും പ്രജീഷിനെ കൊന്ന കൂടല്ലൂരിൽ എത്തുകയും ഇവിടെ സ്ഥാപിച്ചിരുന്ന കൂട്ടിൽ അകപ്പെടുകയുമായിരുന്നു. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള ഡബ്ല്യുഡബ്ല്യു എൽ 45 എന്ന 13 വയസ്സുള്ള ആൺ കടുവയാണിത്. മുഖത്ത് മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ കോഴി ഫാം ആക്രമിച്ചിരുന്നു. ഇരുമ്പ് വല പൊളിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽനിന്ന് മുറിവേറ്റതാകാമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.
വനം വകുപ്പ് തയ്യാറാക്കിയത് കൃത്യമായ പദ്ധതി
കടുവയെ കുരുക്കാനുള്ള ദൗത്യത്തിനായി വനം വകുപ്പ് തയ്യാറാക്കിയത് കൃത്യമായ പദ്ധതി. സഞ്ചാരപഥം മനസ്സിലാക്കിയുള്ള പ്രവർത്തനമാണ് നടത്തിയത്. പ്രജീഷ് കൊല്ലപ്പെട്ട ഒമ്പതിനുതന്നെ തിരച്ചിൽ ആരംഭിച്ചു. പ്രത്യേക ദൗത്യസംഘം, ആർആർടി അംഗങ്ങൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നൂറിലധികംവരുന്നവർ സദാസമയവും കടുവയെ പിടികൂടാൻ ശ്രമിച്ചു.
കൂടല്ലൂരിലാണ് കടുവ തമ്പടിക്കുന്നതെന്ന് മനസ്സിലാക്കി ഇവിടെ ഒഴിഞ്ഞുകിടന്നിരുന്ന വീട് ക്യാമ്പ് ഹൗസാക്കി. തുടർ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ചത് ഇവിടെനിന്നായിരുന്നു. അഞ്ച് കൂടുകളും തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതുൾപ്പെടെ മുപ്പതോളം കാമറകളും സ്ഥാപിച്ചു. രാത്രിയിലും ഡ്രോണുകൾ ഉപയോഗിച്ച് കടുവയുടെ സഞ്ചാരം നിരീക്ഷിച്ചു.
അനുയോജ്യമായ സന്ദർഭത്തിൽ കണ്ടെത്തിയാൽ മയക്കുവെടിവയ്ക്കാനോ, വെടിവച്ചുകൊല്ലാനോ ആയിരുന്നു പദ്ധതി. എന്നാൽ സാഹചര്യം ഒത്തുവന്നില്ല. കുങ്കി ആനകളെക്കൊണ്ടും തിരച്ചിൽ നടത്തി. കടുവയുടെ സഞ്ചാരം മനസ്സിലാക്കി ആ ഭാഗങ്ങളിലേക്ക് കൂടുതൽ വലപാലകരെ എത്തിച്ച് മുന്നേറി. എല്ലാ ദിവസവും വിവിധ സംഘങ്ങളായി കാടുകയറി പരിശോധിച്ചു. തോട്ടങ്ങൾ അരിച്ചുപെറുക്കി. കടുവയുടെ 60 മീറ്റർ അടുത്തുവരെ എത്തിയെങ്കിലും വെടിവയ്ക്കാനായില്ല. ഏറുമാടം കെട്ടിയും നിരീക്ഷിച്ചു.
പട്രോളിങ് ടീമും ഷൂട്ടർമാരും വെറ്ററിനറി ഡോക്ടർമാരും പ്രദേശത്ത് ക്യാമ്പ് ചെയ്തു. ദൗത്യത്തിന്റെ അവസാന ദിവസങ്ങളിൽ കടുവയുടെ സഞ്ചാരം മനസ്സിലാക്കി ക്യാമ്പ് മൂടക്കൊല്ലിയിലേക്ക് മാറ്റി. പ്രദേശവാസികളുടെ സുരക്ഷ മുന്നിൽക്കണ്ട് രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
പൊലീസിന്റെ സഹായവും ദൗത്യസംഘത്തിന് ലഭിച്ചു. ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ, സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന, ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ അജിത് കെ രാമൻ, റെയ്ഞ്ച് ഓഫീസർ അബ്ദുൽ സമദ്, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അരുൺ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അജേഷ് മോഹൻദാസ്, വാർഡ് മെമ്പർ രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവരെല്ലാം ദൗത്യത്തിന്റെ ഭാഗമായി.