തിരുവനന്തപുരം> ധനകാര്യ രംഗത്തെ കേന്ദ്ര സംസ്ഥാന ഫെഡറല്‍ ബന്ധങ്ങളില്‍ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ‘കോ ഓപ്പറേറ്റീവ് ഫെഡറലിസം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉത്ഘാടനം ചെയ്തു കൊണ്ട് തമിഴ്‌നാട് ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ ജെ ജയരഞ്ജന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികമായ ഫെഡറല്‍ ബന്ധങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ മാറ്റങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്.
ധനകാര്യ വിഭവങ്ങളുടെ പങ്ക് വയ്ക്കലിന്റെ കാര്യത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പ്രകടമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുകയാണ് . സാമ്പത്തികമായ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ സംസ്ഥാനങ്ങളുടെ ചെലവുകള്‍ നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരികയാണ് . ഇത് സംസ്ഥാനങ്ങളുടെ പ്രത്യേകിച്ച്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികമായ നിലനില്‍പിന് ഗുരുതരമായ ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പൊതുവായ വേദി ഇന്ന് ഇന്ത്യയിലില്ലെന്നും അദ്ദേഹം വിലയിരുത്തി. മുന്‍കാലങ്ങളില്‍ സാമ്പത്തിക വിഷയങ്ങളില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും നേരിട്ട് സംവദിക്കുന്ന ആസൂത്രണ കമ്മീഷന്‍ പോലുള്ള ശക്തമായ സംവിധാനങ്ങളുണ്ടായിരുന്നു. അതിനുള്ള പുതിയ സംവിധാനമല്ലേ ജി.എസ്.ടി കൗണ്‍സില്‍ എന്ന് വാദിക്കുന്നവരുണ്ട് . എന്നാല്‍ അത് കേന്ദ്ര സംസ്ഥാന വിഷയങ്ങളുടെ സംവേദനത്തിനായുള്ള ഉചിതമായ വേദിയായി മാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഗൗരവതരമായ ഒരു പ്രശ്‌നമാണ്. അതുപോലെ സാമ്പത്തിക മേഖലയില്‍ ഇന്ന് നിരവധി റെഗുലേറ്റിംഗ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് വരുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ ഘടനക്ക് വലിയ വെല്ലുവിളിയാണ് ഇത്തരം രീതികള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ട് സാമ്പത്തിക അധികാരങ്ങളുടെ കേന്ദ്രീകരണത്തിനെതിരെ സംസ്ഥാനങ്ങള്‍ ശക്തമായി മുന്നോട്ട് വരണമെന്നും കേന്ദ്ര സംസ്ഥാന ഫെഡറല്‍ ബന്ധങ്ങളുടെ അടിസ്ഥാന ഘടനയില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനായി സംസ്ഥാനങ്ങള്‍ ഒന്നിച്ചു നിന്ന് സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കേരള ഇക്കണോമിക് അസോസിയേഷന്‍ ( കെഇഎ ), ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ( ഗിഫ്റ്റ് ), കേരള സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സ്, സാമ്പത്തിക ശാസ്ത്ര വിഭാഗം എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ സെമിനാറില്‍ പ്രഭാഷണം നടത്തി.2011 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചെലവുകള്‍ കാര്യമായി കുറഞ്ഞു വരുന്നതായി കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ സാമ്പത്തിക വിദഗ്ധനും നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചെയര്‍മാനുമായ പ്രഫസര്‍ എം.എ ഉമ്മന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അതേ വര്‍ഷം മുതല്‍ സംസ്ഥാനങ്ങളുടെ ചെലവുകളില്‍ ഭീമമായ വര്‍ധന കാണുന്നുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇത് ഉളവാക്കിയിരിക്കുന്നത്. വിപണി നിയന്ത്രിക്കുന്ന, ധനകാര്യ ഫെഡറല്‍ സംവിധാനത്തിലേക്ക് ഇന്ന് രാജ്യം മാറുകയാണ്. ഇത് അപായകരമായ സൂചനകളാണ് നല്‍കുന്നത്.
നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ സംസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങളിന്മേല്‍ നിരവധി മണിക്കൂറുകള്‍ ചര്ച്ച നടത്തിയിരുന്നുവങ്കില്‍ ഇന്ന് ഇത്തരം ചര്‍ച്ചകള്‍ പരിമിതമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിഭവ ലഭ്യതയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാനായി ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കായി നിശ്ചയിക്കുന്ന വിഹിതത്തിനായുള്ള മാനദണ്ഡം യഥാര്‍ത്ഥത്തില്‍ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതില്‍ പകരം അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണെന്ന് ബംഗലൂരുവിലെ സെന്റര്‍ ഫോര്‍ ബജറ്റ് ആന്‍ഡ് പോളിസി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറായ പ്രൊഫ. വിനോദ് വ്യാസലു അഭിപ്രായപ്പെട്ടു. കോ ഓപറേറ്റീവ് ഫെഡറലിസം എന്നത് ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള സവിശേഷ പ്രക്രിയ എന്ന രീതിയിലാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്നും അദ്ദേഹം വിലയിരുത്തി.
പതിനാലാം ധനകമ്മീഷന്‍ സംസ്ഥാനങ്ങള്‍തുള്ള വിഹിതം 32% ത്തില്‍ നിന്ന് 42%മായി വര്‍ദ്ധിപ്പിച്ചെങ്കിലും
പ്ലാനിംഗ് കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച പ്രസ്തുത കാലയളവില്‍ അങ്ങനെ നല്‍കിയിരുന്ന തുക സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാവുകയാണ് ഉണ്ടായതെന്ന് തുടര്‍ന്ന് സംസാരിച്ച ഹൈദരാബാദ് സര്‍വകലാശാലയിലെ മുന്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായ പ്രൊഫ. ഡി നരസിംഹ റെഡ്ഡി വിലയിരുത്തി. അങ്ങനെ നോക്കുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിഭവ ലഭ്യതയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാനായി
രൂപീകരിച്ചിട്ടുള്ള ധനകാര്യ കമ്മീഷന്‍ വേണ്ടത്ര വിജയിച്ചിട്ടുണ്ടോ എന്നത് സംശയകരമാണ്. മാത്രമല്ല സംസ്ഥാനങ്ങള്‍ക്കായി നടത്തുന്ന വിഭവ വിഭജനം തുല്യതയെന്ന ആശയത്തെ അതിലംഘിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെസും സര്‍ച്ചാര്‍ജും കേന്ദ്ര നികുതി വരുമാനത്തിന്റെ എതാണ്ട് 10% വരുന്നുണ്ടെന്നും അതിനാലാണ് സംസ്ഥാനങ്ങള്‍തുള്ള വിഹിതം 32% ത്തില്‍ നിന്ന് 42%മായി വര്‍ദ്ധിപ്പിച്ചതെന്നുമായിരുന്നു പതിനാലാം ധനകമ്മീഷന്‍ രേഖപ്പെടുത്തിയത്. എന്നാല്‍ നിലവില്‍
സെസും സര്‍ച്ചാര്‍ജും കേന്ദ്ര നികുതി വരുമാനത്തിന്റെ എതാണ്ട് 18 22% വരുന്നുണ്ട്. പതിനാലാം ധനകമ്മീഷന്റെ നിലപാട് തുടരുകയാണെങ്കില്‍ കേന്ദ്ര നികുതി വരുമാനത്തിന്റെ എതാണ്ട് 812% തുക സംസ്ഥാനങ്ങള്‍ക്കുള്ള അധിക വിഹിതമായി അനുവദിക്കുകയാണ് വേണ്ടതെന്ന് തമിഴ്‌നാട് ആസൂത്രണ കമ്മീഷന്‍ അംഗം പ്രൊഫ ആര്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് ധനപരമായ സമീപനങ്ങളുടെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് തമിഴ്‌നാട് ആസൂത്രണ കമ്മീഷന്‍ അംഗം പ്രൊഫ. എം. വിജയഭാസ്‌കര്‍ പറഞ്ഞു . സംസ്ഥാനങ്ങള്‍ തമ്മില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളുടെ അഭാവം ഗൗരവതരമായ പ്രശ്‌നമാണ്. സംസ്ഥാനങ്ങളെ തമ്മില്‍ മത്സരിപ്പിക്കുന്ന ഒരു സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപം കുറഞ്ഞു വരുന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം, കൂടുതല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിലവില്‍ വന്നു. ഇതിനായുള്ള നിയമങ്ങളും ചട്ടങ്ങളും ഏകപക്ഷീയമായി നിര്‍മ്മിക്കപെടുന്നു. പല സംസ്ഥാനങ്ങള്‍ക്കും ഇത്തരം പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാതെ പോകുന്നു. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതം കുറയുന്നതിന് ഇത് കാരണമാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റിന്റെ 35 ശതമാനം വിഹിതവും ഇത്തരം പദ്ധതികളിലായി ചെലവഴിക്കപ്പെടുന്നു. അതുകൊണ്ട് വിഭവങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പങ്ക് വയ്ക്കുന്ന ഫോര്‍മുലയുടെ കാര്യത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിശീര്‍ഷ വരുമാനത്തെ സാമ്പത്തിക തീരുമാനങ്ങളുടെ കാര്യത്തിലെ അവസാനവാക്കായി കാണുന്നത് ഗുരുതരമായ പിഴവാണെന്ന് സെമിനാറില്‍ സംസാരിച്ച ഗിഫ്റ്റ് ഡയറക്ടര്‍ പ്രൊഫ കെ. ജെ ജോസഫ് പറഞ്ഞു . ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതം കുറയുന്നു എന്നത് വലിയ കടമ്പയാണ് സൃഷ്ടിക്കുന്നത് . ഓരോ സംസ്ഥാന സമ്പദ്ഘടനയുടെയും ചലനാത്മകത വിശകലനം ചെയ്യാതെയുള്ള ധനകാര്യ സമീപനങ്ങള്‍ ഗുരുതരമായ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് .
ശക്തമായ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്നതിന് രാഷ്ട്രീയ അധികാര വികേന്ദ്രീകരണം ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന് തമിഴ്‌നാട് ആസൂത്രണ കമ്മീഷന്‍ അംഗം ഡോ ആര്‍. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു . സര്‍ക്കാരുകളുടെ പ്രവര്‍ത്തന വൈപുല്യം കുറച്ചുകൊണ്ട് വരുന്നതിനുള്ള ശ്രമം ലോക്ള്‍വ്യാപകമായി ഉയര്‍ന്നു വരികയാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും കെ ഇ എ പ്രസിഡന്റുമായ പ്രഫസര്‍ കെ .എന്‍ ഹരിലാല്‍ അഭിപ്രായപ്പെട്ടു . നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ഇതിന് പ്രധാന കാരണം . ഇന്ത്യന്‍ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
വിഭവങ്ങളുടെ പങ്ക് വയ്ക്കലിന്റെ കാര്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് ആവശ്യമായ വെയ്‌റ്റേജ് നല്‍കണമെന്ന് പ്രഫസര്‍ ലേഖ ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു. സര്‍ക്കാരുകളുടെ വൈപുല്യം പൊതുവില്‍ കുറഞ്ഞു വരുന്നു എന്ന പ്രശ്‌നമുണ്ട്. പൊതുവിപണിയില്‍ നിന്ന് കൂടുതല്‍ ധനസമാഹരണം നടത്തുന്നതിന് കേന്ദ്രം സംസ്ഥാന ങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയാണ്. ചെലവുകളുടെ സമ്മര്‍ദ്ദം സംസ്ഥാനം സര്‍ക്കാരുകളെ വല്ലാതെ വലയ്ക്കുകയാണ്. ഡിവിസിബിള്‍ പൂളിന്റെ വ്യാപ്തം കുറയുന്നു എന്നത് ആശങ്കാജനകമാണ്. സംസ്ഥാനങ്ങളുടെ ധനപരമായ കുറവുകള്‍ കണ്ടെത്തി അതിന് പരിഹാരം കാണുകയാണ് ധനകാര്യ കമ്മീഷനുകളുടെ മുഖ്യചുമതലയെന്ന് അവര്‍ വ്യക്തമാക്കി. നേട്ടങ്ങളുടെ പേരില്‍ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ട്. വരുമാനം വിഭജനത്തില്‍ പുതിയ രീതികള്‍ നാം അനുവര്‍ത്തിക്കേണ്ടതുണ്ട്. പ്രായമായവരുടെ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ട്. വിഭവ വിതരണം വരുമാനത്തെ അധിഷ്ഠിതമാക്കി മാത്രമാകരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കെ.ഇ.എ. പ്രസിണ്ടന്റ് പ്രൊഫ. കെ. എന്‍ ഹരിലാല്‍, ഗിഫിറ്റ് ഡയറക്ടര്‍ പ്രൊഫ. കെ. ജെ. ജോസഫ് എന്നിവര്‍ സെമിനാറില്‍ മോഡറേറ്റര്‍മാരായി.
പ്രൊഫ എസ് ഹരികുമാര്‍, അനിതാകുമാരി എല്‍, കെ.ഇ.എ. ജനറല്‍ സെക്രട്ടറി സന്തോഷ് ടി വര്‍ഗീസ്, കെ.ഇ.എ. ട്രഷറര്‍ പ്രൊഫ. ഗോഡ് വിന്‍ എസ്.കെ, ഡോ. നിര്‍മ്മല്‍ റോയി വി.പി, ആര്‍ സിദ്ധിഖ്, ഡോ. കിരണ്‍കുമാര്‍ കക്കര്‍ലാപുടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.