അഗർത്തല: ത്രിപുരയിൽ 47 വിദ്യാർത്ഥികൾ എച്ച്ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാർത്ഥികളാണ് ഇവിടെ എച്ച്ഐവി പോസിറ്റീവ് ആയിരിക്കുന്നതെന്നാണ് ത്രിപുര സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (ടിഎസ്എസിഎസ്) മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്. എച്ച്ഐവി ബാധിതരായ 828 കുട്ടികളിൽ 572 പേർ ജീവനോടെയുള്ളതായും 47 പേർ രോഗാവസ്ഥ ഗുരുതരമായി മരിച്ചതായുമായ് ടിഎസ്എസിഎസ് വിശദമാക്കുന്നത്. വിദ്യാർത്ഥികളിൽ ഏറെ പേർ ഉന്നത വിദ്യാഭ്യാസത്തിനായി ത്രിപുരയ്ക്ക് പുറത്ത് പോയതായുമാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്.
220 സ്കൂളുകളിൽ നിന്നും 24 കോളേജുകളിൽ നിന്നും എച്ച്ഐവി ബാധിതരായ വിദ്യാർത്ഥികളെ ടിഎസ്എസിഎസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുത്തിവയ്ക്കുന്ന രീതിയിലുള്ള ലഹരിമരുന്നുകളുടെ ഉപയോഗമാണ് വലിയ രീതിയിൽ വിദ്യാർത്ഥികളിൽ എച്ച്ഐവി ബാധയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് ദി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയ കണക്കുകൾ അനുസരിച്ച് ഓരോ ദിവസവും അഞ്ച് മുതൽ ഏഴ് വരെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നുമാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്. ത്രിപുരയിലെ മാധ്യമ പ്രവർത്തകുടെ കൂട്ടായ്മ സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിലാണ് ടിഎസ്എസിഎസ് ഇക്കാര്യങ്ങൾ വിശദമാക്കിയത്.
സംസ്ഥാനത്ത് ഉടനീളമുള്ള 164 ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നതെന്നാണ് ടിഎസ്എസിഎസ് ജോയിന്റെ ഡയറക്ടർ ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. 2024 മെയ് മാസം വരെ സംസ്ഥാനത്ത് 8729 പേരാണ് രോഗബാധിതരായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 5674 പേരാണ് ജീവനോടെയുള്ളത്. ഇതിൽ 4570 പേർ പുരുഷൻമാരും 1103 പേർ വനിതകളും ഒരാൾ ട്രാൻസ് വിഭാഗത്തിലുള്ളയാളാണെന്നുമാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്. ലഹരി ഉപയോഗമാണ് എച്ച്ഐവി കേസുകളിലെ കുത്തനെയുള്ള വർധനയ്ക്ക് കാരണമാകുന്നതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.