തിരുവനന്തപുരം: തിരുവനന്തപുരത്ത് അപൂർവ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. കന്നുകാലിയിൽ നിന്ന് രോഗം പകർന്നുവെന്നാണ് കരുതുന്നത്. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അസുഖം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
പനിയും മുണ്ടിനീരും ദേഹം മുഴുവൻ നീരുമാണ് രോഗലക്ഷണങ്ങൾ. അസഹനീയമായ ശരീര വേദനയുമുണ്ടാകും. രോഗം ഗുരുതരമായാൽ ചിലപ്പോൾ മരണത്തിന് വരെ കാരണമാകാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ കൃത്യമായ ചികിത്സയും വിശ്രമവും അനിവാര്യമാണ്.
2019ലും കേരളത്തിൽ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലെത്തുന്നത്.