‘തിരഞ്ഞെടുപ്പ് ചട്ടലംഘനം’: കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കൽ സ്റ്റോർ കലക്ടർ അടപ്പിച്ചു

news image
Mar 25, 2024, 11:11 am GMT+0000 payyolionline.in

കൊച്ചി∙ തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കൽ സ്റ്റോർ കലക്ടർ അടപ്പിച്ചു. കിഴക്കമ്പലം പ്രദേശവാസികൾ നൽകിയ പരാതിയിലാണ് നടപടി. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ റിട്ടേണിങ് ഓഫിസർ കൂടിയായ കലക്ടർ പറഞ്ഞു. ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്റെ സമൂഹ മാധ്യമ പേജിൽ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സംബന്ധിച്ച് പങ്കുവച്ചിട്ടുള്ള വിഡിയോ നീക്കം ചെയ്യാനും നിർദേശമുണ്ട്.

 

 

ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് 16നു പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 21നാണ് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നത്. ഇവിടെ നിന്ന് 80% വിലക്കുറവിൽ മരുന്നുകൾ ലഭിക്കുമെന്നത് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി സുധീർ സി.എസ്., അൽത്താഫ് എം.എം. എന്നിവരാണു പരാതി നൽകിയത്. പരാതിയെ തുടർന്ന് റിട്ടേണിങ് ഓഫീസർ ഇരുഭാഗത്തിന്റെയും വിശദീകരണം കേട്ടിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് മെഡിക്കൽ സ്റ്റോർ അടച്ചു പൂട്ടാൻ നിർദേശം നൽകിയത്.

കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ ഭാഗമായുള്ളതാണ് മെഡിക്കൽ സ്റ്റോർ എന്നും ട്വന്റി 20 പാർട്ടിയുമായി ഇതിന് ബന്ധമില്ല എന്നുമാണ് ട്വന്റി 20 പ്രതിനിധികൾ വാദിച്ചത്. എന്നാൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പ്രവർത്തിക്കുന്നത് കിറ്റക്സ് ചിൽഡ്രൻസ്‍വിയർ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ട്വന്റി 20 അസോസിയേഷന്റെ പിന്തുണയോടെയുമാണ്. രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20യുടെയും ട്വന്റി 20 അസോസിയേഷന്റെയും ഭാരവാഹികൾ ഒരേ ആൾക്കാരാണ്. മാത്രമല്ല, രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20, ഭക്ഷ്യ സുരക്ഷാ മാർ‍ക്കറ്റ്, ട്വന്റി 20 അസോസിയേഷൻ എന്നീ മൂന്നിന്റെയും ലോഗോയും ഒന്നു തന്നെയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe