തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ പരിപാടികൾ എൽഡിഎഫ് പരിപാടികളാക്കുന്നു: യുഡിഎഫ് ജനപ്രതിനിധികളെ തഴയുന്നതിൽ ഹൈബി

news image
Mar 2, 2024, 12:24 pm GMT+0000 payyolionline.in

കൊച്ചി ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥലം എംപിയേയും എംഎൽഎയേയും ഒഴിവാക്കി സർക്കാർ പരിപാടികൾ എൽഡിഎഫിന്റെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നുവെന്ന ആരോപണവുമായി ഹൈബി ഈഡൻ എംപി. എറണാകുളം മാർക്കറ്റ് നവീകരണം, രാജേന്ദ്ര മൈതാനി സൗന്ദര്യവത്ക്കരണം തുടങ്ങിയ പദ്ധതികളുടെ പുരോഗതി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് വിലയിരുത്തുന്ന പരിപാടിയിൽ നിന്ന് യുഡിഎഫ് ജനപ്രതിനിധികളെ ഒഴിവാക്കുന്നുവെന്നാണ് ആരോപണം.

കേന്ദ്രസർക്കാരിന്റെ കൂടി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന കൊച്ചി സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായുള്ളതാണ് ഈ പദ്ധതികളെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി കഴിയുന്ന സമയത്ത്, തന്റെ ഇടപെടലിനെ തുടർന്നാണ് സ്മാർട്ട് സിറ്റി മിഷനുകൾ നടപ്പിലാക്കി പൂർത്തീകരിക്കാനുള്ള കാലപരിധി 2024 ജൂൺ വരെ നീട്ടിയതെന്നത് മറക്കരുതെന്നും ഹൈബി പറഞ്ഞു. കാലപരിധി നീട്ടിച്ചോദിക്കുന്ന കാര്യത്തിൽ മൗനം പാലിച്ചിരുന്ന സംസ്ഥാന സർക്കാരും കൊച്ചി കോർപറേഷനിലെയും ജിസിഡിഎയിലെയും എൽഡിഎഫ് നേതൃത്വവും നിലവിൽ നടന്നുവരുന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനൊരുങ്ങുന്നത് പരിഹാസ്യമാണെന്നും ഹൈബി പറഞ്ഞു.

പൊതുപരിപാടികൾ സംബന്ധിച്ചുള്ള മര്യാദകൾ ലംഘിച്ചാണ് ഈ പരിപാടികൾ നടത്തുന്നത് എന്നതാണ് യുഡിഎഫ് ആരോപണം. മന്ത്രി എം.ബി.രാജേഷ് പങ്കെടുക്കുന്ന പരിപാടി നേരത്തെ ആസൂത്രണം ചെയ്തതാണ്. എന്നാൽ‍ ഇതിൽ‍നിന്ന് തന്നെയും എംഎൽഎ ടി.ജെ. വിനോദിനെയും ഒഴിവാക്കുന്നതിലൂടെ എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്നത് തികച്ചും സങ്കുചിതമായ രാഷ്ട്രീയമാണെന്നും ഹൈബി ആരോപിച്ചു. എൽഡിഎഫിൽ നിന്നും രാഷ്ട്രീയ മാന്യതയും പ്രതിപക്ഷ ബഹുമാനവും വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്താതെ മുന്നോട്ടു പോകാനുള്ള മനസും പ്രതീക്ഷിക്കരുത് എന്നതാണ് ഇതിന്റെ ഗുണപാഠമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe