തസ്മിദ് നാ​​ഗർകോവിലിലിറങ്ങി, വെള്ളമെടുത്ത് തിരികെ കയറി; കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന് പൊലീസ്

news image
Aug 21, 2024, 11:42 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി തസ്മിദ് തംസമിനെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് നിർണായക വിവരം. കുട്ടി നാഗർകോവിൽ ഇറങ്ങിയില്ലെന്നുള്ളതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നലെ 3:03 ന് കുട്ടി നാഗർകോവിലിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയതായും കുപ്പിയിൽ വെള്ളം എടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുളളത്. കുട്ടിക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർത്ഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്. ട്രെയിനിൽ നിന്ന് തസ്മിദ് എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ലഭിച്ചിരുന്നില്ല.

കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി റെയിൽവേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകൾ ഒന്നും കിട്ടിയില്ല. കുട്ടി തന്റെ അടുക്കൽ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയെ സംബന്ധിച്ച നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ കന്യാകുമാരിയിലെ അന്വേഷണം തുടരാനാണ് പൊലീസിന്‍റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe