തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ജില്ലയില്‍ സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. മുന്നറിയിപ്പിൽ അപാകതയുണ്ടായെന്ന മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ രാജൻ തിരുവനന്തപുരത്ത് പറഞ്ഞു. നഷ്ടപരിഹാരം ക്യാബിനറ്റ് തീരുമാനിക്കുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു.
മഴ മാറിയിട്ടും തലസ്ഥാനത്തെ ദുരിതക്കെട്ട് ഒഴിയുന്നില്ല. വീടുകളിൽ ചളിയടിഞ്ഞ് കിടക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മടങ്ങാനായില്ല. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടറോടുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പക്ഷേ വീടുകളിൽ വെള്ളം കയറിയതിന്റെ ദുരിതം ശേഷിക്കുകയാണ്. പൊഴിയൂരിൽ ശക്തമായ കടലാക്രമണത്തിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. 56 വീടുകളാണ് വെള്ളം കയറിയത്. ഇന്നലെ വെള്ളം കയറിയ ടെക്നോപാർക്കിലെ പ്രധാന കവാടത്തിൽ വെള്ളക്കെട്ട് കുറഞ്ഞു. പക്ഷേ വാഹനങ്ങൾ പലതും ഇപ്പോഴും വെള്ളത്തിലാണ്. അതേസമയം, കരമന, വാമനപുരം ആറുകളിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ ജാഗ്രത നിർദ്ദേശം നിലനില്‍ക്കുന്നുണ്ട്.