ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി; നിയമിച്ചത് അനുര ദിസനായകെ

news image
Sep 24, 2024, 9:45 am GMT+0000 payyolionline.in

ചെന്നൈ: ഡോ. ഹരിണി അമരസൂര്യയെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി നിയമിച്ചു. എൻപിപി എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്. പ്രസിഡന്റ് അനുര ദിസനായകെയാണ് നിയമിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷണർ ഇന്നലെ ഹരിണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർടി നേതാവ് അനുര കുമാര ദിസനായകെയ്ക്ക് ആദ്യം അഭിനന്ദനം അറിയിച്ചത് ഇന്ത്യയായിരുന്നു. നിയുക്ത ശ്രീലങ്കൻ പ്രസിഡന്‍റിനെ നേരട്ടെത്തി ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ്‌ ജായാണ് ഇന്ത്യയുടെ അഭിനന്ദനം അറിയിച്ചത്. അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യൻ സർക്കാരിന്‍റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണർ സന്തോഷ്‌ ജാ വ്യക്തമാക്കി.

ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസി‍‍ഡന്‍റാണ് അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe