തിരുവനന്തപുരം: ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡോ. റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഡിസംബർ 21വരെ പ്രതിയെ റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച രാവിലെ റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തനിക്ക് പറയാനുള്ളത് ആരെങ്കിലും എപ്പോഴെങ്കിലും കേൾക്കുമെന്ന് റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാ വിശേഷങ്ങളും കേൾക്കും എന്നായിരുന്നു റുവൈസിന്റെ വാക്കുകൾ. റുവൈസിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു റുവൈസിന്റെ പ്രതികരണം.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ വെച്ച് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത റുവൈസിനെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
ഷഹനയുമായി റുവൈസിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉയര്‍ന്ന സ്ത്രീധനം റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങുകയായിരുന്നു. സ്ത്രീധനമായി 150 പവനും 15 ഏക്കറും ബി.എം.ഡബ്ല്യു കാറുമാണ് റുമൈസിന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്. ഇത് നൽകാനാവാത്തതിനെ തുടർന്ന് റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് ഷഹനയുടെ കുടുംബം ആരോപിക്കുന്നു. ഇതേത്തുടർന്ന് ഷഹന മാനസികമായി തകർന്നിരുന്നു.
ഡിസംബർ നാലിന് രാത്രിയാണ് ഷഹനയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക്കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അേന്വഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.