‘ജിതിൻ നിരപരാധി, വിട്ടയച്ചില്ലെങ്കില്‍ നാളെ മാര്‍ച്ച്’; മുന്നറിയിപ്പുമായി കെ സുധാകരൻ

news image
Sep 22, 2022, 9:56 am GMT+0000 payyolionline.in

കൊച്ചി: തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്കലേറ്റിൽ മായം കലർത്തി മയക്കുന്നു. പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്‍റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. പടക്കമെറിയേണ്ട കാര്യം കോൺഗ്രസിനില്ല. കെപിസിസി ഓഫീസ് ആക്രമിച്ചവർക്കെതിരെ നടപടിയില്ല. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ജിതിനെ  വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

 

എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസും വിശദീകരിച്ചു. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമാണെന്ന് വി ടി ബൽറാം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ജാഥക്ക് കിട്ടുന്ന സ്വീകാര്യത്യിൽ ഇടതു മുന്നണി അസ്വസ്ഥരാണെന്നും ശ്രദ്ധ തിരിച്ചുവിടാനാണ് അറസ്റ്റെന്നും ബല്‍റാം പറഞ്ഞു.

കേസില്‍ യൂത്ത് കോൺഗ്രസുകാർക്ക് പങ്കുണ്ടായിരുന്നെങ്കിൽ ഇത്രയും നാൾ കാത്ത് നിന്നത് എന്തിനാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു. യൂത്ത് കോൺഗ്രസിന്‍റെ പല നേതാക്കളെയും ഭാവനയിൽ പ്രതി ചേർക്കാൻ നേരത്തെയും ശ്രമമുണ്ടായി. രാഹുൽ ഗാന്ധിയുടെ യാത്രക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് ഇപ്പോഴത്തെ കസ്റ്റഡിക്ക് പിന്നലെന്നും അദ്ദേഹം വിമര്‍ശിച്ചു. കേസ് അന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ലെന്ന് വിമര്‍ശിച്ച ഷാഫി പറമ്പിൽ, കോൺഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ചു.

എകെജി സെന്‍റര്‍ ആക്രമണം രണ്ടര മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe