ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്

news image
Jan 19, 2024, 4:19 am GMT+0000 payyolionline.in

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചതിനുമാണ് കേസ്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം രാത്രിയാണ് ജയിൽ മോചിതനായത്. 8ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻസ്വീകരണമാണ് കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുക്കിയത്.

സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്നമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കിയിരുന്നു.

നോട്ടീസ് പോലും തരാതെയാണ് അറസ്റ്റ് ചെയ്തത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റ്. മെഡിക്കൽ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ താൻ വെല്ലുവിളിക്കുകയാണ്. രേഖ വ്യാജമെന്ന് തെളിയിച്ചാൽ മാപ്പ് പറയാം. അല്ലെങ്കിൽ എംവി ഗോവിന്ദൻ മാപ്പ് പറയുമോ? തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പരിശോധനക്കിടെ ആർഎംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിർദ്ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയത്. രക്തസമ്മർദ്ദം 160 ഉണ്ടായിട്ടും മെഡിക്കൽ റിപ്പോർട്ടിൽ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. ജയിലിൽ നിന്നിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു കേസ് കൂടി വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe