‘ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ ഉടൻ നീക്കം ചെയ്യണം’: എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ്

news image
Oct 6, 2023, 12:41 pm GMT+0000 payyolionline.in

ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി ഐടി മന്ത്രാലയം. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) – അടിയന്തിരമായി  നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സ്, യൂട്യൂബ് ടെലിഗ്രാം എന്നിവയ്ക്കാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം നോട്ടീസ് നൽകിയിട്ടുള്ളത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടെങ്കിൽ അവ സ്‌ഥിരമായി നീക്കം ചെയ്യണമെന്നും അവയിലേക്കുള്ള പ്രവേശനം അടിയന്തിരമായി പ്രവർത്തനരഹിതമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവിയിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അത് സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും നോട്ടീസ് ഓർമ്മപ്പെടുത്തുന്നു. പ്രസ്തുത നിർദ്ദേശങ്ങൾ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂൾ 3(1)(ബി), റൂൾ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസുകൾ പാലിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഐടി നിയമത്തിലെ വകുപ്പ്  79 പ്രകാരം നിലവിൽ ഇന്‍റർനെറ്റ് ഇടനില പ്ലാറ്റുഫോമുകൾക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാർബർ പ്രൊട്ടക്ഷൻ) മാറ്റുമെന്നും മന്ത്രാലയം മൂന്ന് സോഷ്യൽ മീഡിയ ഇടനിലക്കാർക്കും  മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe