ചെന്നൈയില്‍ മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

news image
Mar 29, 2024, 11:08 am GMT+0000 payyolionline.in

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഭവത്തില്‍ സ്കൂളിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക ഹൈക്കോടതിയില്‍. സ്കൂളിനെ അപമാനിക്കാനുള്ള ശ്രമമെന്ന് ഹര്‍ജി.

കുട്ടികള്‍ റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ലെന്നും കേസില്‍ സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് സായ് ബാബ വിദ്യാലയം പ്രധാനാധ്യാപിക ആവശ്യപ്പെടുന്നത്.

 

ബാലനീതിവകുപ്പ് പ്രകാരം കേസെടുത്തത് തെറ്റെന്നും ഇത് സ്‌കൂൾ അധികൃതരെ  അപമാനിക്കാനുള്ള നടപടിയെന്നുമാണ് ഹര്‍ജിയില്‍ ഇവര്‍ വാദിക്കുന്നത്.  മാർച്ച്‌ 18ന് നടന്ന റോഡ്‌ ഷോയിൽ 32 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

 

ഇത് പിന്നീട് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്കൂളിലെ ചില അധ്യാപകരും റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. പ്രധാനാധ്യാപികയ്ക്കൊപ്പം ഇവര്‍ക്കെതിരെയും നടപടിയെടുക്കാൻ നിര്‍ദേശമുണ്ടായിരുന്നു.

സ്കൂള്‍ അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് നടപടിയിലേക്ക് നയിച്ചത്. സ്കൂള്‍ യൂണിഫോം ധരിച്ച് കുട്ടികള്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe