പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ കസ്റ്റഡിയിൽ കിട്ടാനായി പൊലീസ് ഇന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. നാളെയും മറ്റന്നാളുമായി ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. വിയ്യൂർ സബ് ജയിലിലാണ് നിലവിൽ പ്രതിയുള്ളത്.
തെളിവെടുപ്പിന് മുന്നോടിയായി പ്രദേശത്തെ സുരക്ഷാ സാഹചര്യം പൊലീസ് അവലോകനം ചെയ്യുന്നുണ്ട്. നാട്ടുകാരുടെ രോഷം ഉയരാൻ സാധ്യതയുള്ളതിനാൽ കർശന സുരക്ഷയേർപ്പെടുത്താനാണ് തീരുമാനം. കൊല നടത്തിയ സ്ഥലം, ആയുധം വാങ്ങിയ സ്ഥലം തുടങ്ങിയ ഇടങ്ങളിലാവും തെളിവെടുപ്പ്.
ചെന്താമര അഞ്ചിലധികം പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറഞ്ഞത്. ഇയാളുടെ ഭാര്യ, മകൾ, മരുമകൻ, അയൽവാസികൾ എന്നിവർ ഇതിലുൾപ്പെടും. ആസൂത്രണബുദ്ധിയോടെയാണ് ഓരോ പ്രവർത്തനവും ചെന്താമര നടത്തിവന്നത്. വൈരുധ്യമുള്ള മൊഴികളാണ് ചെന്താമര നൽകുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. ആലത്തൂർ സബ് ജയിലിലാണ് ചെന്താമരയെ ആദ്യം റിമാൻഡ് ചെയ്തിരുന്നത്. എന്നാൽ, സബ് ജയിലിലെ സഹ തടവുകാർ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർത്തിയതോടെ പ്രതിയെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.
ജനുവരി 27ന് രാവിലെയാണ് അയൽവാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്തമാര പിടിയിലായത്. 2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് ഇയാൾ. ഇപ്പോൾ കൊല്ലപ്പെട്ട സുധാകരൻ സജിതയുടെ ഭർത്താവാണ്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
തന്നെ നൂറ് വർഷമെങ്കിലും ജയിലിലടക്കൂവെന്നാണ് കഴിഞ്ഞ ബുധനാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ചെന്താമര പറഞ്ഞത്. മകൾ എൻജിനീയറാണ്. മരുമകൻ ക്രൈംബ്രാഞ്ചിലാണ്. മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ല. എത്രയും വേഗം ശിക്ഷിക്കൂവെന്നും ചെന്താമര പറഞ്ഞിരുന്നു. അതേസമയം, ചെയ്ത കൊലപാതകങ്ങളിൽ ഒരു കുറ്റബോധവും ഇയാൾക്കില്ലെന്ന് പൊലീസ് പറഞ്ഞു.