തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 8 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാനും സാധ്യത. ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 12 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.