ന്യൂഡൽഹി: ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് മിനിറ്റുകൾക്കകം രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. 11.45ഓടെ എത്തിയ രാഹുലിനെ സ്വീകരിക്കാൻ എം.പിമാർ പാർലമെന്റ് കവാടത്തിൽ എത്തിയിരുന്നു. രാഹുൽ നേരെ ഗാന്ധി പ്രതിമക്ക് മുന്നിലേക്കാണ് പോയത്. ഗാന്ധി പ്രതിമയെ തൊട്ടുവണങ്ങിയാണ് പാർലമെന്റിന് അകത്തേക്ക് കയറിയത്.രാഹുൽ എത്തി ഏതാനും മിനിറ്റുകൾക്കകം തന്നെ പ്രതിഷേധത്തെ തുടർന്ന് സഭ പിരിയുകയും ചെയ്തു. കേസിനും അയോഗ്യതക്കുമെല്ലാം ശേഷം 134 ദിവസങ്ങൾക്കുശേഷമാണ് രാഹുൽ പാർലമെന്റിലെത്തുന്നത്. ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്.മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുലിനെതിരായ സൂറത്ത് കോടതിയുടെ ശിക്ഷ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. 2019 ഏപ്രിലിൽ കർണാടകയിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്ന പേരുള്ളത് എന്തുകൊണ്ട്?’ എന്ന പരാമർശത്തിനെതിരെയായിരുന്നു കേസ്.
ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നൽകിയത്. മാർച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതിയും തള്ളി. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. പരമാവധി ശിക്ഷ വിധിക്കാൻ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരമോന്നത കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.സ്റ്റേ ലഭിച്ചതിന് പിന്നാലെ തന്നെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ സ്പീക്കറെ കാണാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സ്പീക്കർ ഒഴിഞ്ഞുമാറുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ഇക്കാര്യം ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി.
രാഹുലിന്റെ അയോഗ്യത നീക്കാനുള്ള രേഖകൾ നേരിട്ട് കൈപ്പറ്റിയില്ലെന്നും കത്ത് തപാലിൽ അയച്ചപ്പോൾ അതിൽ സീൽവെക്കാൻ തയാറായില്ലെന്നും ആരോപണമുയർന്നു. എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനുള്ള തയാറെടുപ്പിലായിരുന്നു കോൺഗ്രസ്. ഇതിനിടെയാണ് ഇന്ന് രാവിലെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനമിറങ്ങിയത്.