തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ അംഗീകരിച്ച് കെപിസിസി നേതൃത്വം. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തി. ആര്യാടൻ ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവർത്തിക്കരുത്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ സമാന്തര കമ്മിറ്റികൾ പാടില്ലെന്നും കെപിസിസി അറിയിച്ചു.
നിരുപാധികം ഖേദം പ്രകടിപ്പിച്ചത് മുഖവിലയ്ക്കെടുക്കുന്നുവെന്ന് കെപിസിസി വ്യക്തമാക്കി. ഷൗക്കത്തിനെതിരെയുള്ള നടപടി ആര്യാടൻ ഷൗക്കത്തിനെയും മലപ്പുറം ഡിസിസിയെയും കെപിസിസി അറിയിച്ചു. അതേസമയം, കടുത്ത നടപടി ഒഴിവാക്കിയത് ഖേദപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം.
ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ കെപിസിസി വിലക്കേർപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് പങ്കെടുക്കരുതെന്ന് പാർട്ടി നിർദ്ദേശം നൽകിയിരുന്നു. അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തത് കൊണ്ടായിരുന്നു നിർദ്ദേശം. നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.