കോഴിക്കോട് ലുലു മാൾ തുറക്കുമ്പോൾ ഗതാഗതം പരിഷ്കരിക്കും; വാഹനങ്ങളുടെ എണ്ണം കണക്കാക്കുന്നു

news image
Aug 19, 2024, 10:01 am GMT+0000 payyolionline.in

കോഴിക്കോട്: ലുലു മാൾ തുറക്കുന്നതോടെ മാങ്കാവ് ജംക്‌ഷനിൽ‌ രൂപപ്പെട്ടേക്കാവുന്ന വൻഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ ഗതാഗത പരിഷ്കരണത്തിന് നിർദേശങ്ങൾ സമർപ്പിക്കാൻ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) പഠനം തുടങ്ങി. ലുലു മാൾ അധികൃതരുടെ ആവശ്യപ്രകാരമാണ് നാറ്റ്പാക് പഠനം നടത്തുന്നത്. ഒരു മാസത്തെ സമയമുണ്ടെങ്കിലും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർ‌പ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പഠനത്തിനു നേതൃത്വം നൽകുന്ന നാറ്റ്പാക് ട്രാൻസ്പോർ‌ട്ട് പ്ലാനിങ് വിഭാഗം മേധാവി ഡോ.എസ്.ഹാഷിം പറഞ്ഞു.

നാറ്റ്പാക് പഠനത്തിന്റെ അടിസ്ഥാനത്തിൽ മാളിന്റെ പരിസരത്ത് സ്വീകരിക്കാവുന്ന ഗതാഗതപരിഷ്കാരങ്ങൾ സംബന്ധിച്ച് ലുലു അധികൃതർ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കും. ഗതാഗത സ്തംഭനം ഒഴിവാക്കാൻ മാൾ അധികൃതരും സ്വന്തമായി ഇവിടെ ചില ക്രമീകരണങ്ങൾ ആലോചിക്കുന്നുണ്ട്. ഇതിന്മേൽ സർക്കാർ‌ സ്വീകരിക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും ക്രമീകരണങ്ങൾ ‍നടപ്പാക്കുക. വെറും 7 മീറ്റർ മാത്രം വീതിയുള്ള 2 വരി റോഡാണ് ഇവിടെയുള്ളത്. അതിനാൽ ഗതാഗതക്കുരുക്ക് പരിഹരിക്കുക എളുപ്പവുമല്ല.

മാൾ തുറക്കുന്നതോടെ രൂപപ്പെടുന്ന കുരുക്കഴിക്കാൻ പരിസരത്തെ പ്രധാന ജംക്‌ഷനുകളായ മാങ്കാവ് ജംക്‌ഷൻ, മാങ്കാവ് ശ്മശാനം ജംക്‌ഷൻ, പുതിയപാലം–ഗോവിന്ദപുരം പിഎൻബി ജംക്​ഷൻ, കല്ലുത്താൻകടവ് കോംട്രസ്റ്റ് കണ്ണാശുപത്രി ജംക്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നാറ്റ്പാക് സർവേയും മറ്റു പഠനങ്ങളും നടത്തുന്നത്. മാൾ തുറക്കുന്നതോടെ മലപ്പുറം ഉൾപ്പെടെ അയൽ ജില്ലകളിൽനിന്നുവരുന്ന വാഹനങ്ങൾകൂടി കണക്കിലെടുത്താവും പുതിയ ക്രമീകരണങ്ങൾ.

കഴിഞ്ഞയാഴ്ച സർവേ നടപടികളോടെയാണ് പഠനത്തിനു തുടക്കമിട്ടത്. രാവിലെയും വൈകിട്ടും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും തരവും കണക്കാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നാറ്റ്പാക്കിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫിസുകളിൽനിന്നായി 5 പേരാണ് പഠനത്തിൽ പങ്കെടുക്കുന്നത്. നേതൃത്വം നൽകുന്ന ഡോ.എസ്.ഹാഷിം ഈയാഴ്ച സ്ഥലം സന്ദർശിക്കും. മാൾ ഉടൻ തുറക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത ക്രമീകരണത്തിനു പഠനം നടത്തുന്നത്. സർവേ ഉൾപ്പെടെ പഠനത്തിന്റെ ചെലവും മാൾ അധികൃതരാണ് വഹിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe