കോഴിക്കോട്: എഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിൽ. ഗുജറാത്ത് സ്വദേശി ഷെയ്ഖ് മുർസു മയ്യ് ഹയാത്താണ് ഇന്നലെ കോഴിക്കോട് സൈബർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മുഖ്യപ്രതി കൗശൽ ഷാ നേപ്പാളിലേക്കു കടന്നതായാണ് സൂചനയെന്നും പൊലീസ് വ്യക്തമാക്കി. സുഹൃത്തിൻ്റെ ശബ്ദം ഫോണിൽ അനുകരിച്ച് പാലാഴി സ്വദേശി രാധാകൃഷ്ണനിൽ നിന്ന് നാല്പതിനായിരം രൂപ തട്ടിയ കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസമാണ് രാധാകൃഷ്ണൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്.
കൂടെ ജോലി ചെയ്ത് ആളാണെന്ന് പറഞ്ഞ് വീഡിയോ കോള്‍ ചെയ്താണ് കൗശൽ ഷാ രാധാകൃഷ്ണന്‍റെ പക്കൽ നിന്നും 40000 രൂപ തട്ടിയത്. പണം തിരിച്ചുപിടിച്ചെങ്കിലും തട്ടിപ്പിന് പിന്നിലുള്ളവർക്കായി അന്വേഷണം ആരംഭിച്ചിരുന്നു. പണമിടപാട് നടത്തിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായിലെത്തിയത്. അന്വേഷണസംഘം ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയതോടെയാണ് പ്രതി കൗശൽ ഷാ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
പ്രതിയുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. പക്ഷേ ഇയാളെ പിടികൂടാൻ പൊലീസിന് സാധിച്ചില്ല. മുൻപും സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ കൗശൽ ഷാ കഴിഞ്ഞ 5 വർഷമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബാംഗങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം. എന്നാൽ കൗശൽ ഷായുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിലൂടെ ഇയാള്‍ അഹമ്മദാബാദ്, മുംബൈ,ഗോവ, ബീഹാർ എന്നിവിടങ്ങളിലെത്താറുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി സൈബർ ക്രൈം പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.