പയ്യോളി: അധ്യാപക ജോലി നല്‍കാമെന്ന് പറഞ്ഞ് നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയ രണ്ടരക്കോടി രൂപ തിരിച്ചു കൊടുക്കാത്തതിനെതിരെ സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അര്‍പ്പിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിനെതിരെ പയ്യോളി പോലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് നാല് മണിയോടെ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹൈസ്കൂളിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് കോമ്പൌണ്ടിനുള്ളില്‍ പ്രവേശിച്ചിരുന്നു. പോലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ അകത്ത് കടന്ന് പ്രതിഷേധിച്ചത്. ഉടന്‍ നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
ഇരുപത്തിയാരോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു ജോലി നാല്‍കാമെന്ന് പറഞ്ഞു രണ്ടര കോടി രൂപ തട്ടിയ ശേഷം സ്കൂള്‍ മാനേജ്മെന്‍റ് സ്വന്തക്കാര്‍ക്ക് ജോലി നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. ഒരു ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപ വരെ സ്കൂള്‍ മാനേജര്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളില്‍ പലര്‍ക്കും ഇപ്പോള്‍ പ്രായ പരിധി കഴിഞ്ഞതിനാല്‍ മറ്റ് ജോലിക്ക് പോവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ലക്ഷങ്ങള്‍ തിരികെ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമര സഹായ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്കൂളിന് മുന്‍വശം പന്തല്‍ കെട്ടിയുള്ള പ്രതിഷേധ സമരം ഇന്നേക്ക് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നേതാക്കളും പ്രവര്‍ത്തകരുമായ പത്തു പേര്‍ക്കുമെതിരെയാണ് പയ്യോളി പോലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 143, 145, 147, 283, 447, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്.